എറണാകുളം ടൗൺഹാളിൽ
മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിര്‍വഹിക്കും
തീരദേശ മേഖലയില്‍ മത്സ്യ വില്‍പനയും അനുബന്ധ തൊഴിലുകളും ചെയ്യുന്ന മത്സ്യ തൊഴിലാളി വനിതകള്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താൻ സഹായിക്കുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും റിവോള്‍വിങ് ഫണ്ട് വിതരണവും ശനിയാഴ്ച (ഏപ്രിൽ 2 ) രാവിലെ 11 ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിര്‍വഹിക്കും.
എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. കൊച്ചി കോര്‍പ്പറേഷൻ മേയര്‍ അഡ്വ.എം.അനില്‍ കുമാര്‍, ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എല്‍.എ, ഫിഷറീസ് വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
മത്സ്യ തൊഴിലാളി വനിതകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റൻസ് ടു ഫിഷര്‍ വുമണ്‍ ഏജൻസിയുടെ മേല്‍നോട്ടത്തില്‍ ആയിരിക്കും ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം.
മത്സ്യ തൊഴിലാളി വനിതകള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ഔദ്യോഗിക ബാങ്കിങ്ങ് സംവിധാനവുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്. അഞ്ചു വനിതകളെ ഉള്‍പ്പെടുത്തി ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ രൂപീകരിച്ച് പ്രവര്‍ത്തന ഫണ്ടായി 50000 രൂപ വീതം നല്‍കും.
സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ പദ്ധതിയുടെ ഭാഗമായാണ് ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ ആരംഭിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന വ്യാപകമായി 2000 മത്സ്യ തൊഴിലാളി വനിതകളെ ഉള്‍പ്പെടുത്തി 400 ഗ്രൂപ്പുകള്‍ രൂപീകരിക്കും. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ആയിരിക്കും ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നത്.