കുന്ദമംഗലം ബ്ലോക്കിലെ ഹരിതകര്‍മസേനാംഗങ്ങള്‍ക്കായി മാവൂര്‍ പഞ്ചായത്തിലെ രാജീവ് ഗാന്ധി സെന്ററില്‍ കണ്‍വെന്‍ഷന്‍ നടന്നു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലുളി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. വര്‍ഷകാല പ്രവര്‍ത്തനങ്ങള്‍ പങ്കുവെക്കല്‍, പരിശീലന സെഷനുകള്‍, ഹരിതകര്‍മ്മസേനാംഗങ്ങളുടെ കലാപരിപാടികള്‍, വിവിധ മത്സരങ്ങള്‍ എന്നിവ നടന്നു. ഹരിതകേരളം മിഷന്റെ സഹകരണത്തോടെ നടത്തിയ പരിപാടിയില്‍ ബ്ലോക്കിലെ മുഴുവന്‍ പഞ്ചായത്തുകളിലെയും ഹരിതകര്‍മസേനാംഗങ്ങള്‍ പങ്കെടുത്തു.
കുന്നമംഗലം ബ്ലോക്കിലെ പഞ്ചായത്തുകളില്‍ ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ രാജേഷ് അവതരിപ്പിച്ചു. പരിപാടിയുമായി സഹകരിച്ച മാവൂര്‍ ഗ്രാമപഞ്ചായത്തിനും മറ്റു സജ്ജീകരങ്ങള്‍ ഒരുക്കിയവര്‍ക്കും ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലെ ഹരിതകര്‍മസേനകള്‍ക്കും സംഘാടകസമിതി ഉപഹാരം നല്‍കി. മാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മര്‍ മാസ്റ്റര്‍ അധ്യക്ഷനായി.
പെരുമണ്ണ, പെരുവയല്‍, കൊടിയത്തൂര്‍, ചാത്തമംഗലം, കുന്ദമംഗലം, കുരുവട്ടൂര്‍ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, കുന്നമംഗലം ബ്ലോക്ക് ബി.ഡി.ഒ ഡോ. പ്രിയ, മാവൂര്‍ ഹരിതകര്‍മ്മസേന സെക്രട്ടറി നിഷ തുടങ്ങിയവര്‍ പങ്കെടുത്തു.