പാലാ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സ് നാടിന് സമർപ്പിച്ചു
പാലാ ഡിപ്പോയില്‍ നിറുത്തി വെച്ച പാലാ- മണ്ണാര്‍ക്കാട് ഫാസ്റ്റ് പാസഞ്ചര്‍, പാലാ – പന്തത്തല – കൊഴുവനാല്‍ ഓര്‍ഡിനറി ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു . പാലാ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.അന്തരിച്ച മുന്‍ എം എല്‍ എ കെ.എം.മാണിയുടെ 2014-15 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 5 കോടി രൂപയും കെഎസ്ആര്‍ടിസിയുടെ പ്ലാന്‍ ഫണ്ടും ഉപയോഗിച്ചാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്.20 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ആദ്യഘട്ട നിര്‍മാണമാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കുമായി ടോയിലറ്റ് കോംപ്ലക്സുകള്‍ താഴത്തെ നിലയില്‍ ക്രമീകരിച്ചിട്ടുണ്ട്. വീല്‍ചെയര്‍ സൗകര്യത്തോടു കൂടിയ ആധുനിക ശുചിമുറി സജ്ജീകരിക്കാന്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് നാലര ലക്ഷം രൂപ മാണി സി. കാപ്പന്‍ അനുവദിച്ചിരുന്നു. സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പേ ആന്‍ഡ് പാര്‍ക്ക് സംവിധാനവുമുണ്ട്. കെഎസ്ആര്‍ടിസിയുടെ ഓഫീസുകളും മറ്റും മുകള്‍ നിലയിലേക്കു മാറ്റും. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ 20 കടമുറികള്‍ ലേലം ചെയ്തു നല്‍കും.
കേന്ദ്ര സര്‍ക്കാരിന്റെ ഡീസല്‍ വിലവര്‍ദ്ധനവ് മൂലം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കെ എസ് ആര്‍ ടി സി നേരിടുന്നത്.കെഎസ്ആര്‍ടിസി ഡിപ്പോകളിലെ ഇന്ധന പമ്പുകള്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് കൂടി തുറന്നു കൊടുത്തു കൊണ്ടും ടൂര്‍ പാക്കേജുകള്‍ ആരംഭിച്ചും ഷോപ്‌സ് ഓണ്‍ വീല്‍ പദ്ധതികളിലൂടെയും വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു.കെ. എസ്. ആര്‍. ടി. സിയെ മുന്നോട്ട് നയിക്കുന്നതിന് ഫലപ്രദമായ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.