മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് കേരള പ്രോജക്ട് എന്ന പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയില്‍ 44 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജസ് ക്യാമറകള്‍ സ്ഥാപിച്ചു.ഗതാഗത നിയമലംഘനങ്ങള്‍ക്ക് കൃത്യമായ നടപടി സ്വീകരിക്കാന്‍ സഹായകരമാകുന്ന
ഈ ക്യാമറകളുടെ പ്രവര്‍ത്തനം ഏപ്രില്‍ 1 മുതൽ ആരംഭിച്ചു.ളായിക്കാട്, കുമരകം, നാഗമ്പടം, കറുകച്ചാല്‍, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട തുടങ്ങിയ 44 സ്ഥലങ്ങളിലെ അപകട സാധ്യതയുള്ള ഇടങ്ങളില്‍ കെല്‍ട്രോണിന്റെ സഹായത്തോടെയാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഈ ക്യാമറയിലെ ദൃശ്യങ്ങള്‍ തിരുവനന്തപുരത്തുള്ള സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമിലാണ് ശേഖരിക്കുന്നത്. തുടര്‍ന്ന് നിയമലംഘനമുള്ളത് കണ്ടെത്തി അതാത് ജില്ലകളിലെ കണ്‍ട്രോള്‍ റൂമിലേക്ക് അയച്ച് നല്‍കും. ജില്ലാ കണ്‍ട്രോള്‍ റൂമില്‍നിന്നാണ് വാഹന ഉടമകള്‍ക്ക് ചാര്‍ജ്ജ് മെമ്മോ അയയ്ക്കുക .

നിയമലംഘനത്തിന്റെ ചിത്രങ്ങള്‍ സഹിതമുള്ള ചാര്‍ജ്ജ് മെമ്മോയായിരിക്കും വാഹന ഉടമകള്‍ക്ക് ലഭിക്കുക. മെമ്മോ തയ്യാറാക്കുമ്പോള്‍ തന്നെ ഇത് സംബന്ധിച്ച അറിയിപ്പ് ഉടമയുടെ രജിസ്‌ട്രേഡ് ഫോണില്‍ എസ് എം എസായും പിഴ അടയ്ക്കാനുള്ള നോട്ടീസ് തപാലിലും ലഭിക്കും. ഫോണ്‍ നമ്പര്‍ വാഹന്‍ വെബ് സൈറ്റില്‍ ഇല്ലാത്തവരോ വെബ്‌സൈറ്റിലെ ഫോണ്‍നമ്പറില്‍ മാറ്റമുള്ളവരോ ആയ വാഹനഉടമകള്‍ക്ക് ഫോണ്‍ നമ്പര്‍ പരിവാഹന്‍ സേവ എന്ന വെബ് സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യാനാകും.