കായിക രംഗത്ത് സര്‍ക്കാര്‍ 1000 കോടിയിലധികം രൂപയുടെ
വികസന പദ്ധതികള്‍ നടപ്പാക്കി
സംസ്ഥാനത്തെ കായികമേഖലയ്ക്ക് പുതിയ ദിശാബോധം നല്‍കി ഉണര്‍വേകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അതിന് ഊര്‍ജമേകാന്‍ ദേശീയ ഫെഡറേഷന്‍ കപ്പിന് കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന 25-ാംമത് ദേശീയ ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയുകയായിരുന്നു മുഖ്യമന്ത്രി. കായികമേഖലയുടെ ഉന്നമനത്തിനായി സമഗ്ര കായിക നയമാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും 1000 കോടിയിലധികം രൂപയുടെ അടിസ്ഥാന സൗകര്യ വികസനങ്ങളാണ് കായിക മേഖലയില്‍ നടന്നത്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ കഴിവുള്ള പ്രതിഭകളെ കണ്ടെത്തി വിദഗ്ധപരിശീലനം നല്‍കാന്‍ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിക്കും. കളിക്കളങ്ങളുടെ അഭാവമില്ലാതാക്കാന്‍ എല്ലാ ഗ്രാമപഞ്ചായത്തിലും ഒരു കളിക്കളം എന്ന പദ്ധതിയ്ക്കും തുടക്കം കുറിക്കുകയാണ്. കായിക താരങ്ങളുടെ സുരക്ഷയുറപ്പാക്കാന്‍ ജോലിയും പെന്‍ഷനും സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുണ്ട്. 580 ഓളം കായികതാരങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം ജോലി നല്‍കാനും സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം ആദ്യമായാണ് ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്‌സിന് വേദിയാകുന്നത്. രാജ്യത്തെ ഏറ്റവും മികച്ച 509 അത്ലറ്റുകള്‍ മാറ്റുരയ്ക്കുന്ന മേളയില്‍ മികച്ച പ്രകടനങ്ങള്‍ക്ക് കായിക ലോകം കാത്തിരിക്കുകയാണ്. കോവിഡ് 19ന് ശേഷം രാജ്യത്ത് ഇത്രയും സീനിയര്‍ അത്‌ലറ്റുകള്‍ ഒരുമിച്ച് മത്സരിക്കാനിറങ്ങുന്നത് ആദ്യമായാണ്. 38 ഇനങ്ങളിലാണ് മത്സരം. ലോക ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെത്ത് ഗെയിംസ് എന്നിവക്ക് യോഗ്യത നേടാനുള്ള അവസരം കൂടിയായതിനാല്‍ മത്സരം കടുക്കും. കമല്‍ പ്രീത് കൗര്‍, തേജേന്ദ്ര പല്‍സിങ്, അനു റാണി, എം ശ്രീശങ്കര്‍, ദ്യുതിചന്ദ്, എം ആര്‍ പൂവമ്മ, ഹിമദാസ്, അമോജ് ജേക്കബ്, മുഹമ്മദ് അനസ്, നോഹ നിര്‍മ്മല്‍ ടോം, എം.പി ജാബീര്‍ അടക്കമുള്ള രാജ്യാന്തര താരങ്ങള്‍ മത്സരിക്കാനിറങ്ങുന്നുണ്ട്.
കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷനായി. അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ കേരള സ്റ്റേറ്റ് അത്‌ലറ്റിക്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പ് ഏപ്രില്‍ ആറ് വരെയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ വിവിധ വേദികളിലായി നടക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പതാക മുഖ്യമന്ത്രി പിണറായി വിജയന്‍ ഉയര്‍ത്തി. കേരള സ്റ്റേറ്റ് അത്‌ലറ്റിക്‌സ് അസോസിയേഷന്റെ പതാക കായിക മന്ത്രി വി. അബ്ദുറഹിമാനാണ് ഉയര്‍ത്തിയത്.