ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് പദ്ധതി സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

സംസ്ഥാനത്തിന്റെ തീരദേശ മേഖല നേരിടുന്ന തീരശോഷണത്തിന് സർക്കാർ ശാശ്വത പരിഹാരം കാണുമെന്നു വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌. തീരദേശ മേഖലയില്‍ മത്സ്യ വില്‍പനയും അനുബന്ധ തൊഴിലുകളും ചെയ്യുന്ന മത്സ്യ തൊഴിലാളി വനിതകള്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്താൻ സഹായിക്കുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും റിവോള്‍വിങ് ഫണ്ട് വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന വ്യാപകമായി ഒരു ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കാനാണ് സർക്കാർ ശ്രമമെന്നും മന്ത്രി പറഞ്ഞു. സൊസൈറ്റി ഫോര്‍ അസിസ്റ്റൻസ് ടു ഫിഷര്‍ വുമണ്‍(സാഫ് )ഏജൻസിയുടെ നേതൃത്വത്തിൽ 400 ഗ്രൂപ്പുകൾ രൂപീകരിക്കും. അഞ്ചു വനിതകളെ ഉള്‍പ്പെടുത്തി ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ രൂപീകരിച്ച് പ്രവര്‍ത്തന ഫണ്ടായി 50000 രൂപ വീതം നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ പദ്ധതിയുടെ ഭാഗമായാണ് ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ ആരംഭിച്ചിട്ടുള്ളത്.ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്കുള്ള റെവോൾവിങ് ഫണ്ടിന്റെ വിതരണവും മന്ത്രി നിർവഹിച്ചു.