– കോട്ടയം ജില്ലാ പഞ്ചായത്ത് സംസ്ഥാനതലത്തിൽ രണ്ടാമത്
– ജില്ലയിൽ അഞ്ചു ബ്ലോക്ക് പഞ്ചായത്തുകളും 21 ഗ്രാമപഞ്ചായത്തുകളും 100 ശതമാനം തുക ചെലവഴിച്ചു

കോവിഡ് പ്രതിസന്ധികളെയും പ്രളയക്കെടുതിയെയും അതിജീവിച്ച് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതി നിർവഹണത്തിൽ നേട്ടം കൈവരിച്ചു. 92.10 ശതമാനം തുക ചെലവഴിച്ച് പദ്ധതി നിർവഹണത്തിൽ ജില്ല സംസ്ഥാനതലത്തിൽ മൂന്നാംസ്ഥാനത്തെത്തിയതായി ജില്ലാ ആസൂത്രണ സമിതി അധ്യക്ഷയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയും മെമ്പർ സെക്രട്ടറിയായ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയും പറഞ്ഞു. ജില്ലയ്ക്ക് ലഭിച്ച 340.31 കോടി രൂപയിൽ 313.43 കോടി രൂപ ചെലവഴിച്ചു.

ലഭിച്ച ഫണ്ടിൽ 92.45 ശതമാനം ചെലവഴിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് സംസ്ഥാനതലത്തിൽ രണ്ടാമതെത്തി. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകൾ 95.17 ശതമാനം തുക ചെലവഴിച്ച് സംസ്ഥാനതലത്തിൽ നാലാം സ്ഥാനവും ഗ്രാമപഞ്ചായത്തുകൾ 93.56 ശതമാനം തുക ചെലവഴിച്ച് ഏഴാം സ്ഥാനവും നഗരസഭകൾ 83.69 ശതമാനം ചെലവഴിച്ച് ഒൻപതാംസ്ഥാനവും നേടി.

ജില്ലയിൽ അഞ്ചു ബ്ലോക്ക് പഞ്ചായത്തുകളും 21 ഗ്രാമപഞ്ചായത്തുകളും 100 ശതമാനം തുക ചെലവഴിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിത്തുക വിനിയോഗത്തിൽ സംസ്ഥാനതലത്തിൽ 13-ാം സ്ഥാനത്തെത്തി. ഗ്രാമപഞ്ചായത്തുകളിൽ കുമരകം സംസ്ഥാനതലത്തിൽ പത്താമതെത്തി. വെച്ചൂർ (21-ാംസ്ഥാനം), ഞീഴൂർ (26), മരങ്ങാട്ടുപള്ളി (34), മീനച്ചിൽ (36) ഗ്രാമപഞ്ചായത്തുകൾ സംസ്ഥാന തലത്തിൽ ആദ്യ 50 സ്ഥാനത്തിനുള്ളിൽ ഇടം നേടി.

ജില്ലാതലത്തിൽ 92.47 ശതമാനം തുക ചെലവഴിച്ച വൈക്കം നഗരസഭ ഒന്നാംസ്ഥാനത്തും 88.81 ശതമാനം ചെലവഴിച്ച പാലാ നഗരസഭ രണ്ടാംസ്ഥാനത്തുമെത്തി. 32 ഗ്രാമപഞ്ചായത്തുകളും അഞ്ചു ബ്ലോക്ക് പഞ്ചായത്തുകളും പാലാ നഗരസഭയും പൊതുവിഭാഗം ഫണ്ട് നൂറുശതമാനവും ചെലവഴിച്ചു. 26 ഗ്രാമപഞ്ചായത്തുകളും ആറു ബ്ലോക്ക് പഞ്ചായത്തുകളും വൈക്കം നഗരസഭയും കേന്ദ്ര ധനകാര്യ കമ്മീഷൻ വിഹിതം മുഴുവനായി ചെലവഴിച്ചു. പ്രത്യേക ഘടക പദ്ധതി (സ്‌പെഷൽ കംപോണന്റ് പ്ലാൻ) വിഭാഗത്തിൽ 34 പഞ്ചായത്തുകളും നാലു ബ്ലോക്കുകളും നൂറു ശതമാനം തുക വിനിയോഗിച്ചു. ട്രൈബൽ സബ് പ്ലാൻ വിഭാഗത്തിൽ 26 പഞ്ചായത്തുകളും 11 ബ്ലോക്കുകളും ഏറ്റുമാനൂർ നഗരസഭയും നൂറുശതമാനം തുകയും ചെലവഴിച്ചു. മെയിന്റനൻസ് ഗ്രാന്റ് ഇനത്തിൽ ലഭിച്ച തുകയിൽ 75 ശതമാനം ചെലവഴിച്ച് സംസ്ഥാനതലത്തിൽ ജില്ല നാലാം സ്ഥാനത്തെത്തിയതായി ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യൂ പറഞ്ഞു.

100 ശതമാനം തുക ചെലവഴിച്ച ബ്ലോക്ക് പഞ്ചായത്തുകൾ

വാഴൂർ, പാമ്പാടി, ഈരാറ്റുപേട്ട, മാടപ്പള്ളി, ളാലം

100 ശതമാനം തുക ചെലവഴിച്ച ഗ്രാമ പഞ്ചായത്തുകൾ

കുമരകം, വെച്ചൂർ, ഞീഴൂർ, മരങ്ങാട്ടുപള്ളി, മീനച്ചിൽ, കങ്ങഴ, മണിമല, കല്ലറ, തീക്കോയി, നെടുങ്കുന്നം, വിജയപുരം, കിടങ്ങൂർ, പൂഞ്ഞാർ തെക്കേക്കര, മീനടം, വെള്ളാവൂർ, കൊഴുവനാൽ, കരൂർ, എലിക്കുളം, വെളിയന്നൂർ, തലപ്പലം, മറവന്തുരുത്ത്