കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ലക്ഷംവീട് കോളനികളുടെ നവീകരണ പ്രവൃത്തിക്ക് തുടക്കമായി. ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകാപരമാണെന്ന് കലക്ടര്‍ പറഞ്ഞു.പതിനാലാം വാര്‍ഡിലെ ആലുങ്ങല്‍ തടായി, രണ്ടാം വാര്‍ഡിലെ കാരക്കുറ്റി കോളനികളാണ് ആധുനിക രീതിയില്‍ നവീകരിക്കുന്നത്. കാരക്കുറ്റിയില്‍ 10 വീടുകളും ആലുങ്ങലില്‍ 20-ഓളം വീടുകളും നവീകരിക്കുന്നുണ്ട്. ഇതില്‍ 10 എണ്ണം പൂര്‍ണ്ണമായും പൊളിച്ചുമാറ്റി നിര്‍മിക്കുകയാണ്. രണ്ട് കോളനികളിലുമായി മറ്റുവീടുകളിലെ പ്ലാസ്റ്ററിംഗ്, റിപ്പയറിംഗ്, കോളനിയില്‍ ഇന്റര്‍ലോക്ക് കട്ട പാകല്‍, സൗന്ദര്യവത്കരണം, ഗേറ്റ് സ്ഥാപിക്കല്‍, തുടങ്ങിയ പ്രവൃത്തികളുമാണ് നടക്കുന്നത്. പഞ്ചായത്ത് ഫണ്ടിന് പുറമെ പൊതുജനങ്ങളില്‍നിന്ന് സമാഹരിക്കുന്ന ഫണ്ടും ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.