കാസര്‍ഗോഡിന്റെ തനത് രുചികളുമായി കുടുംബശ്രീ സരസ് മേളയിലേക്ക് എത്തിയിരിക്കുകയാണ് അമ്മ ഇവന്റ്മാനേജ്‌മെന്റിലെ ഒരു കൂട്ടം സ്ത്രീ സംരംഭകര്‍.അജിഷ,ചേതന എന്നിവര്‍ നേതൃത്വം നല്‍കുന്ന ഈ സംഘം കാസര്‍ഗോഡിന്റെ പ്രാദേശിക ഭക്ഷ്യ വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ചിക്കന്‍ സുക്ക,നെയ്പത്തല്‍,ചിക്കന്‍ നുറുക്ക് ഫ്രൈ എന്നിവ അതില്‍ ചിലത് മാത്രം.ഇതുവരെ വിഭവങ്ങള്‍ ഓരോന്നും ജനങ്ങള്‍ സ്വീകരിച്ചുകഴിഞ്ഞു.മേളയുടെ നാലാം ദിനമായ ഇന്നലെ സ്റ്റാളിനു മുന്നില്‍ വലിയ തിരക്ക് പ്രത്യക്ഷമായിരുന്നു.

കുടുംബശ്രീ സംഘടിപ്പിച്ച ഒരു പരിശീലനത്തില്‍ പങ്കെടുത്ത ശേഷമാണ് സംരംഭം എന്ന ആശയത്തിലേക്ക് ഇവരെത്തിയതും ‘അമ്മ ഇവന്റ്മാനേജ്‌മെന്റ്’ തുടങ്ങുന്നതും.തുടക്കത്തില്‍ കല്യാണത്തിനും മറ്റ് പരിപാടികള്‍ക്കും ഭക്ഷണം വിളമ്പാന്‍ പോയിരുന്ന ഇവര്‍ പിന്നീട് സ്വന്തമായൊരു ഹോട്ടല്‍ കാസര്‍ഗോഡ് ആരംഭിച്ചു.തുടര്‍ന്ന് കാറ്ററിംഗ് സര്‍വീസ് വഴി ഓര്‍ഡര്‍ പ്രകാരം 1500 ഓളം പേര്‍ക്ക് സദ്യയുണ്ടാക്കാനുള്ള പ്രാവീണ്യം നേടി.ഹോട്ടല്‍ നടത്തിപ്പ് വളരെ നല്ല രീതിയില്‍ മുന്നോട്ട് പോകുമ്പോഴാണ് ചില പ്രാദേശിക പ്രശ്‌നങ്ങള്‍ കാരണം ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഒഴിയേണ്ടി വരുന്നത്.തൊട്ടു പിന്നാലെ കോവിഡ് വ്യാപിച്ചതോടെ ഇവരും സാമ്പത്തിക പ്രതിസന്ധിയിലായി.ലോണ്‍ തിരിച്ചടവ് മുടങ്ങിയതോടെ സംരംഭം അടച്ചു പൂട്ടാന്‍ നിര്‍ബന്ധിതരായി.സരസ് മേള ഈ കഷ്ടതകള്‍ക്കിടയില്‍ അതിജീവനത്തിനായുള്ള വെളിച്ചമായിട്ടാണ് കടന്നെത്തിയിരിക്കുന്നത്.തങ്ങളുടെ കഴിവ് തെളിയിക്കാനും കാസര്‍ഗോഡിന്റെ രുചി തെക്ക് പരിചയപ്പെടുത്താനും സാധിച്ച അമ്മ ഇവന്റ്മാനേജ്‌മെന്റ് അംഗങ്ങള്‍ക്ക് ഇതുപോലുള്ള മേളകള്‍ പ്രതീക്ഷയേകിയേക്കും.