ആര്‍ത്തവക്കാലത്തെ ബുദ്ധിമുട്ടുകള്‍ സ്ത്രീകള്‍ക്കിടയില്‍ എപ്പോഴും ചര്‍ച്ചയാകുന്ന വിഷയമാണ്.സാനിറ്ററി പാഡുകള്‍ ഉണ്ടാക്കുന്ന അലര്‍ജിയാണ് അതില്‍ പ്രധാനപ്പെട്ടത്.പലപ്പോഴും മറ്റൊരു പ്രതിവിധിയില്ലെന്ന് കരുതി ഇത്തരം അലര്‍ജി സഹിക്കുകയാണ് പതിവ്.എന്നാല്‍ ഈ പ്രശ്‌നത്തിനൊരു പരിഹാരം നമുക്ക് സരസ് മേളയില്‍ കാണാം.തിരുവനന്തപുരം ക്യാരവട്ടം സ്വദേശിയായ ഷീജ നിര്‍മ്മിച്ച സാനിറ്ററി നാപ്കിനുകള്‍ അലര്‍ജ്ജി,ചൊറിച്ചില്‍,വേദന,ചര്‍മ്മം ഉരഞ്ഞു പൊട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നു.ഇല ഗ്രീന്‍ സാനിറ്ററി നാപ്കിനുകള്‍ വുഡ് പള്‍പ്പും കോട്ടനും ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാണ്.ഇവയില്‍ ചര്‍മ്മത്തിന് ദോഷം ചെയ്യുന്ന അസംസ്‌കൃത വസ്തുക്കളൊന്നും ചേര്‍ക്കുന്നില്ല.മാത്രമല്ല,ഉപയോഗ ശേഷം വലിച്ചെറിയുന്ന പാഡുകളും പാക്കിംഗ് കവറുകളും സൃഷ്ടിക്കുന്ന മലിനീകരണ പ്രശ്‌നങ്ങള്‍ ഗ്രീന്‍ സാനിറ്ററി പാഡുകള്‍ ഉണ്ടാക്കുന്നില്ല.100 ശതമാനവും മണ്ണിലലിയുന്ന വസ്തുക്കളാണ് പാഡ് നിര്‍മ്മാണത്തിലും പായ്ക്കിംഗിലും ഉപയോഗിച്ചിരിക്കുന്നത്.

ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്തിരുന്ന സമയത്ത് സുഹൃത്തുക്കളുമായുണ്ടായ ഒരു ചെറിയ സംഭാഷണമാണ് ഷീജയില്‍ പുതിയൊരു ആശയത്തിന് അവസരം നല്‍കിയത്.ഒട്ടുമിക്ക സ്ത്രീകളും അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണാന്‍ സാധിക്കുമെന്ന് ഉറപ്പായതോടെ ഷീജ ടെക്‌നോപാര്‍ക്കിലെ ജോലി ഉപേക്ഷിച്ചു.ബയോഡീഗ്രേഡബിള്‍ പാഡുകള്‍ക്ക് മറ്റ് പാഡുകളെക്കാള്‍ നിര്‍മ്മാണ ചെലവ് കൂടുതലാണ്.വാണിജ്യ വകുപ്പിന്റെ ധനസഹായത്തോടെ വീടിനടുത്ത് നിര്‍മ്മിച്ച ചെറിയ ഫാക്ടറിയില്‍ നിന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.കോവിഡ് ആഘാതം സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയതോടെ പാഡ് നിര്‍മ്മാണം നിര്‍ത്തിവെയ്‌ക്കേണ്ട അവസ്ഥയുണ്ടായി.

കോവിഡാനന്തരം അതിജീവനത്തിനുള്ള ശ്രമത്തിലാണ് ഷീജയുടെ ഗ്രീന്‍ സാനിറ്ററി പാഡ് സംരംഭം.കാരുണ്യ,ത്രിവേണി ഔട്ട്‌ലെറ്റുകള്‍ ആശുപത്രികള്‍ എന്നിവ വഴിയാണ് വിപണനം ആരംഭിച്ചത്.പിന്നാലെയാണ് സരസ് മേളയെ കുറിച്ചും അതുവഴിയുണ്ടാകുന്ന സാധ്യതകളും ഷീജ അറിയുന്നത്.സരസ്‌മേള നല്‍കിയത് വലിയ ഒരു അവസരമാണ്.ഒരുപാട് പേര്‍ പാഡുകള്‍ വാങ്ങിക്കാനെത്തുന്നുണ്ട്’ ഷീജ പറയുന്നു.