മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി
പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ നാല് റോഡുകളുടെ പുനരുദ്ധാരണത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ഓണ്‍ലൈനായിട്ടായിരുന്നു ഉദ്ഘാടനം.
ആലുവ-മൂന്നാര്‍ റോഡ്, എം.സി റോഡ്, പുല്ലുവഴി-കല്ലില്‍ റോഡ്, കുറുപ്പുംപടി-കൂട്ടിക്കല്‍ റോഡ് എന്നീ പാതകളാണ് ബി.എം.ബി.സി നിലവാരത്തില്‍ പുനര്‍നിര്‍മ്മിക്കുന്നത്.
ഗുണമേന്മയുള്ള പാതകള്‍ സമയബന്ധിതമായി യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുമരാമത്ത് വകുപ്പ് മുന്നോട്ട് പോകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. റോഡുകളുടെ വികസനത്തിന് പ്രത്യേക പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. റോഡുകളുടെ നിലവാരമുയര്‍ത്തുന്നതോടൊപ്പം അവ ദീര്‍ഘകാലം നിലനിര്‍ത്തേണ്ടതുമുണ്ട്. ഭൂരിഭാഗം റോഡുകളും ബി.എം.ബി.സി നിലവാരത്തിലേക്കാണ് ഉയര്‍ത്തുന്നത്. സമയബന്ധിതമായി പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ പ്രൊജക്ട് മാനേജ്മെന്റ് സിസ്റ്റം എന്ന പ്രത്യേക സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയിട്ടുണ്ട്.
നൂറ് ദിന കര്‍മപരിപാടിയുടെ ഭാഗമായി തന്നെ പ്രൊജക്ട് മാനേജ്മെന്റ് സിസ്റ്റം പുറത്തിറക്കും. അതുവഴി സംസ്ഥാനത്തെ എല്ലാ പ്രവര്‍ത്തികളുടെയും വിശദമായ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യാമാകും. ഈ സര്‍ക്കാരിന്റെ കാലത്ത് 15,000 കിലോമീറ്റര്‍ റോഡുകള്‍ കൂടി ബി.എം. ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. തെറ്റായ ഒരു പ്രവണതയും അനുവദിക്കില്ലെന്നും, പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തികളില്‍ ജനങ്ങള്‍ കാഴ്ച്ചക്കാരല്ല കാവല്‍ക്കാരണെന്നും മന്ത്രി പറഞ്ഞു.
പ്രാദേശികമായി ഓടക്കാലി ജംഗ്ഷനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ഒട്ടേറെ വ്യവസായ സ്ഥാപനങ്ങളുള്ള പെരുമ്പാവൂരിന്റെ വികസനത്തിന് ഈ നാല് റോഡുകളുടെ നവീകരണം വലിയ മുതല്‍ക്കൂട്ടാകുമെന്നും പെരുമ്പാവൂരിലെ കൂടുതല്‍ റോഡുകള്‍ ബി.എം.ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ശ്രമിച്ചുവരുകയാണെന്നും എം എൽ എ പറഞ്ഞു.