ഡിജിറ്റൽ സ്വിച്ച് ഓൺ കർമ്മത്തിലൂടെ ഉദ്ഘാടന ചടങ്ങ് വേറിട്ടതാക്കി രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം. മുഖ്യമന്ത്രി റിമോട്ട് ബട്ടണിൽ വിരലമർത്തിയതോടെ മൂന്ന്, രണ്ട്, ഒന്ന് എന്ന് കൗണ്ട് ഡൗൺ ആരംഭിച്ചു. ‘എന്റെ കേരളം’ എന്ന തലക്കെട്ടോടെ കേരളത്തിന്റെ സമഗ്ര മുന്നേറ്റത്തിന്റെ നേർക്കാഴ്ച്ചകൾ സ്‌ക്രീനിൽ തെളിഞ്ഞു. കൃഷി, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങിയ മേഖലകളിലും പ്രളയം, കൊവിഡ് എന്നീ ദുരന്ത കാലഘട്ടങ്ങളിലും ജനങ്ങളെ ചേർത്തു നിർത്തിയ സർക്കാറിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച വീഡിയോ ആണ് പ്രദർശിപ്പിച്ചത്.
ജനാവലി തീർത്ത ആരവങ്ങൾക്ക് മീതെ പഞ്ചവാദ്യ മേളത്തിമിർപ്പ്
വൻ ജനാവലി തീർത്ത ആരവങ്ങൾക്ക് മീതെ ഉയർന്ന ശംഖനാദത്തോടെ പഞ്ചവാദ്യങ്ങളുടെ മേളത്തിമിർപ്പ്. കൊട്ടും പാട്ടും ആവേശമാക്കി നാടൻ പാട്ടിന്റെ തുടിതാളം..രണ്ടാം പിണറായി സർക്കാരിന്റെ വികസനപ്പെരുമയുടെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിന് പൊലിമയേകി ഗ്രാമ്യ നിടുവാലൂരിന്റെ നാടൻ കലാമേളയും മാടായി ക്ഷേത്രകലാ അക്കാദമിയുടെ പഞ്ചവാദ്യവും അരങ്ങേറി.
ഉദ്ഘാടനച്ചടങ്ങ് പ്രൗഢഗംഭീരമാക്കിക്കൊണ്ടാണ് പഞ്ചവാദ്യവും നാടൻ കലാമേളയും അരങ്ങ് തകർത്തത്. മാടായി ക്ഷേത്രകലാ അക്കാദമിയുടെ 13 കലാകാരന്മാർ തീർത്ത നാദവിസ്മയത്തിൽ പൊലീസ് മൈതാനിയിൽ തിങ്ങിനിറഞ്ഞ ആൾക്കൂട്ടം മതി മറന്നു.
നീലേശ്വരം പ്രമോദ്, കോട്ടയം നാരായണൻ വിജിൻകാന്ത് വയലപ്ര, കോട്ടയം നിജിത്ത്, എടക്കാട് ശിവദാസ്, രജീഷ് വയലപ്ര, കലാമണ്ഡലം വൈശാഖ്, മണത്തണ ബാലകൃഷ്ണൻ, കോട്ടയം നിധീഷ്, ചെറുതാഴം അർജുൻ, ശ്രീജിത്ത് മൊറാഴ, വിഷ്ണു കോട്ടയം, രമിത്ത് തൊടീക്കളം എന്നിവരായിരുന്നു പഞ്ചവാദ്യസംഘത്തിൽ.
പൂച്ചെണ്ടുകൾക്ക് പകരം മുഖ്യാതിഥികളെ വരവേറ്റത് ഖാദി വസ്ത്രങ്ങൾ നൽകി. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷിക സമ്മേളനത്തിന് കണ്ണൂർ പോലീസ് മൈതാനിയിൽ എത്തിയ മുഖ്യാതിഥികൾക്കാണ് സ്‌നേഹോപഹാരമായി ഖാദി വസ്ത്രങ്ങൾ കൈമാറിയത്. പരമ്പരാഗത വ്യവസായമായ ഖാദിമേഖലയ്ക്ക് ഉണർവേകി കൊണ്ടാണ് സർക്കാരിന്റെ ഒന്നാം വാർഷിക വാർഷികാഘോഷത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഖാദി വ്യവസായത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഉപഹാരമായി നൽകിയ ഡബിൾ മുണ്ടും സാരിയുമാണ് അതിഥികൾക്ക് നൽകിയത്.
ജനസമുദ്രമായി പൊലീസ് മൈതാനം
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാംവാർഷിക സംസ്ഥാനതല ഉദ്ഘാടനത്തിൽ ഒഴുകിയെത്തിയത് ആയിരങ്ങൾ. കണ്ണൂർ പൊലീസ് മൈതാനത്തൊരുക്കിയ ഉദ്ഘാടന സമ്മേളന വേദിയിലും എന്റെ കേരളം മെഗാ പ്രദർശന വേദിയിലും ജനങ്ങൾ തിങ്ങിനിറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷം നടന്ന വൻ ജനാവലിക്കാണ് പോലീസ് മൈതാനം സാക്ഷിയായത്. തദ്ദേശ സ്ഥാപന അധ്യക്ഷർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, മുൻ എംഎൽഎമാർ, രാഷ്ട്രീയ കക്ഷികളുടെ ജില്ലാ നേതൃത്വം, കലാ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ സദസ്സിനെ ധന്യമാക്കി.
പരിപാടികൾ ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുന്നേ കാണിക്കൾക്കായുള്ള ഇരിപ്പിടം നിറഞ്ഞുകവിഞ്ഞിരുന്നു. നിരവധി പേർ നിന്നാണ് പരിപാടികൾ വീക്ഷിച്ചത്. വൈകുന്നേരം നടന്ന നാടൻ പാട്ടിന്റെ ആരവത്തിലും പഞ്ചവാദ്യ ലഹരിയിലും കാണികൾ മതിമറന്നു. ഉദ്ഘാടന വേദിയിൽ സജ്ജമാക്കിയ ഇരിപ്പിടങ്ങളിൽ കുട്ടികളും വയോധികരുമടക്കം നേരത്തേ തന്നെ കൈയടക്കി. നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷിയാക്കി പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ വേദിയിലേക്ക് കയറിയ മുഖ്യമന്ത്രിയെ ആർപ്പുവിളികളോടെയാണ് ജനങ്ങൾ വരവേറ്റത്. പൊലീസ് മൈതാനിയിൽ നടന്ന ഉദ്ഘാടന സമ്മേളനവും വൈവിധ്യമായ കലാപരിപാടികളും ഉത്സവപ്രതീതിയോടെയായിരുന്നു ആസ്വാദർ സ്വീകരിച്ചത്. ആദ്യദിനംതന്നെ എക്‌സിബിഷൻ-വിപണന സ്റ്റാളുകളിലും വൻതിരക്കാണ് അനുഭവപ്പെട്ടത്.