രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ മെഗാ എക്‌സിബിഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. റവന്യു വകുപ്പ് മന്ത്രി  കെ രാജൻ, റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ അധ്യക്ഷനായി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, തുറമുഖ-മ്യൂസിയം-പുരാവസ്തു- പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, തദ്ദേശ സ്വയഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ,  ഡോ. വി. ശിവദാസന്‍ എംപി, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.

കേരളത്തിന്റെ എല്ലാ മേഖലയെയും തൊട്ടറിഞ്ഞ്  സംസ്ഥാനത്തിന്റെ നേട്ടങ്ങളും വികസന പ്രവർത്തനങ്ങളും നേരിട്ടറിയാനുള്ള  അവസരമാണ് പ്രദർശനത്തിലൂടെ ഒരുക്കുന്നത്. പൊലീസ് മൈതാനിയിൽ ഏപ്രിൽ  14 വരെയാണ്  ‘എന്റെ കേരളം’ മെഗാ എക്‌സിബിഷൻ നടക്കുക. വിവിധ വകുപ്പുകളുടെ 50 തീം സ്റ്റാളുകളും 169 വ്യാവസായിക സ്റ്റാളുകളും ഉൾപ്പെടെ ആകെ 219 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതു കൂടാതെ ഒൻപത് സ്റ്റാർട്ട് അപ് ഏരിയകളും ഉണ്ട്.

കേരള കാഴ്ചയുടെ മേളയ്ക്ക് തുടക്കമായി;
ശ്രദ്ധ പിടിച്ചുപറ്റി സിൽവർ ലൈൻ കോച്ച്

സിൽവർ ലൈൻ കോച്ചിലൂടെയുള്ള ഒരു കുഞ്ഞു യാത്ര, ശേഷം എത്തുന്നതോ അതി വിശാലമായ മറ്റൊരു ലോകത്ത്. പതിവിലും വ്യത്യസ്തമായി കാഴ്ചക്കാരന്റെ കണ്ണുകളെ റാഞ്ചിയെടുക്കുകയാണ് പൊലീസ് മൈതാനിയിൽ ഞായറാഴ്ച രാരാത്രി എട്ട് മണിയോടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ‘എന്റെ കേരളം’ മെഗാ എക്സിബിഷൻ ഹാൾ.
ഒരു മിനി കേരളം ഇവിടെ ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിന്റെ ഇതുവരെയുള്ള നേട്ടങ്ങൾ, വികസന പ്രവർത്തനങ്ങൾ എന്നു തുടങ്ങി എല്ലാ മേഖലകളെയും വ്യക്തമായി ചിത്രീകരിച്ചാണ് എന്റെ കേരളം മെഗാ എക്സിബിഷന് അരങ്ങുണർന്നത്. പിന്നിട്ട വർഷങ്ങളിൽ കേരളത്തിന് ലഭിച്ച നേട്ടങ്ങളുടെയും പൂർത്തീകരിച്ച ഒട്ടനവധി പദ്ധതികളുടെയും മനോഹരമായ ചുവർ ചിത്രങ്ങൾ മേളയുടെ ആത്മാവ് തന്നെയാണ്. കേരനാടിന്റെ പച്ചപ്പിനെയും, ഓളപ്പരപ്പിന്റെ സൗന്ദര്യവും സ്റ്റാളുകളിൽ കാണികളെ കാത്തിരിക്കുന്നുണ്ട്. ശീതീകരിച്ച എക്സിബിഷൻ ഹാളിൽ വിപുലമായ സജ്ജീകരണങ്ങളോടെയാണ് സ്റ്റാളുകളെല്ലാം ഒരുക്കിയിട്ടുള്ളത്. ഉപ്പ് തൊട്ട് കർപ്പൂരം എന്ന് പറയും പോലെ സർക്കാരിന്റെ എല്ലാ വകുപ്പുകളും ഇവിടെ അണിനിരന്നിട്ടുണ്ട്. ആകപ്പാടെ ഒരു ഉത്സവാന്തരീക്ഷമാണ് മേളയിലാകെ. ചൂടൻ കാലാവസ്ഥയിൽ ആവേശം ചോരാതെയാണ് ഓരോരുത്തരും പവലിയനിലേക്ക് എത്തുന്നത്.

പരമ്പരാഗത കൃഷിയെ തൊട്ടറിഞ്ഞ് ടൂറിസം വകുപ്പ്

കേരളത്തെ അറിയാം എന്ന ആശയവുമായി കേരളത്തെ അറിഞ്ഞു കൊണ്ടുതന്നെ പരമ്പരാഗതമായ കേരളത്തിന്റെ കൃഷിരീതിയെയും സംസ്‌ക്കാരത്തെയും മനസ്സിന് കുളിർമയേകുന്ന തരത്തിൽ പുനഃസൃഷ്ടിച്ച  ടുറിസം വകുപ്പിന്റെ പ്രദർശനം കാഴ്ചക്കാരന്റെ മനം കവരുമെന്നുറപ്പ്. ഗ്രാമീണ ഭംഗിയെ അതിന്റെ തനിമ നഷ്ടപ്പെടാതെ ഒപ്പിയെടുത്തിട്ടുണ്ട്. കേരളത്തിന്റെ ചരിത്രവും വർത്തമാനവും ഭാവിയുടെ സ്വപ്നസാധ്യതകളും അണിനിരത്തുന്ന ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ‘എന്റെ കേരളം’ തീം പവലിയനും പ്രധാന ആകർഷണമാണ്.

കെഎസ്ഇബി സൂപ്പറാ

ഇലക്ട്രിക് വാഹനങ്ങൾ മാത്രമുള്ള ഒരു അടിപൊളി സ്ട്രീറ്റ് ജനങ്ങൾക്കും കൗതുകമാകുകയാണ്. ഹരിത ഊർജം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ കെഎസ്ഇബിയാണ് മനോഹരമായ ഈ സ്ട്രീറ്റിന്റെ മാതൃക ഒരുക്കിയത്. പോൾ മൗണ്ട് ചാർജിങ്ങ് സ്റ്റേഷനും, സൗരോർജം ഉപയോഗിച്ചുള്ള കൊച്ചു വീടും ആളുകളെ സൗരോർജമുപയോഗിക്കുന്നതിന് പ്രേരിപ്പിക്കും.
എക്സിബിഷൻ ഹാളിലെ മറ്റൊരു കാഴ്ചയാണ് കണ്ണൂർ സെൻട്രൽ ജയിലിന്റെ മാതൃക. എല്ലാ ബ്ലോക്കുകളെയും പറ്റിയുള്ള വ്യക്തമായ ധാരണ ഈ മിനിയേച്ചറിലൂടെ ലഭിക്കും. തൂക്കുമരത്തിന്റെ മാതൃക, ജയിൽ അന്തേവാസികൾ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ ഒരു നീണ്ട നിരയും ജയിൽ വകുപ്പ് ഒരുക്കിയിട്ടുണ്ട്.

ഉരുവോ! എവിടെ

ഇവിടെ മേളയിലുമുണ്ട് ജില്ലാ പഞ്ചായത്തിന്റെ  ഉരു നിർമ്മാണ സ്റ്റാൾ. ഉരു നിർമ്മാണത്തിന്റെ സാധ്യതകളും പ്രാധാന്യവും മനസ്സിലാക്കിത്തരുന്ന ഈ  സ്റ്റാൾ കാഴ്ചയിൽ വേറിട്ടു നിൽക്കുന്നു. മലയാളികൾ  മറക്കുന്ന പല കാര്യങ്ങളെയും ഇതിലൂടെ ഓർമിപ്പിക്കുകയും കൂടിയാണ് ചെയ്യുന്നത്. കൊവിഡ് കാലത്തെ സംസ്ഥാനത്തിന്റെ പ്രവർത്തനവും, നേട്ടങ്ങളും കേരളം താണ്ടിയ വിജയ പാതകളെയും വിളിച്ചോതുന്ന അനേകം ചിത്രങ്ങൾ കാഴ്ചക്കാരുടെ ഉള്ള് നിറയ്ക്കും. ഖാദി തൊഴിലാളികളുടെ സംരക്ഷണവും ഖാദി മേഖലയുടെ പ്രാധാന്യവും കാട്ടിക്കൊണ്ട് തത്സമയം വസ്ത്രങ്ങൾ നെയ്ത് അവയുടെ വില്പനയും ഇവിടെ നടക്കുന്നുണ്ട്. ഭൗമ സൂചിക പട്ടം ലഭിച്ച ഉൽപ്പന്നങ്ങൾ കാണാൻ വേറെ എങ്ങും പോകണ്ട. ഇന്ത്യൻ ഇൻസ്റ്റിറ്റി്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി ഒരുക്കിയ പവലിയൻ സന്ദർശിച്ചാൽ മതി. കൈത്തറി സ്‌കൂൾ യൂണിഫോം, വിവിധ രൂപങ്ങളിൽ തുണി നെയ്തെടുക്കുന്നത് എന്നിവയും ഒരുക്കിയിട്ടുണ്ട്.

ഇനി അൽപ്പം ആരോഗ്യം ശ്രദ്ധിക്കാം

മലബാർ ക്യാൻസർ സെന്റർ സ്റ്റാളിൽ  വിവിധ ക്യാൻസർ വിഭാഗങ്ങളിലെ നൂതന ചികിത്സ സൗകര്യങ്ങൾ വീഡിയോയിലൂടെ പരിചയപ്പെടുത്തുകയും, ക്യാൻസർ കോശങ്ങളെ മൈക്രോസ്‌കോപ്പിൽ വീക്ഷിക്കാനുളള അവസരം പൊതുജനങ്ങൾക്ക് നൽകുന്നുമുണ്ട്. രോഗം ബാധിച്ച വിവിധ ശരീര ഭാഗങ്ങളെ കണ്ടറിയാനും അവസരമുണ്ട്.
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെയും സ്റ്റാൾ അടങ്ങിയ ടെക്‌നോളജി പവലിയൻ, കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ തുറന്ന പവലിയൻ, കിഫ്ബി സ്റ്റാൾ എന്നിവയും കുടുംബശ്രീ മിഷൻ, കെടിഡിസി, കണ്ണൂർ സെൻട്രൽ ജയിൽ, സാഫ്, മിൽമ, ദിനേശ് ഫുഡ്‌സ്, ഇന്ത്യൻ കോഫി ഹൗസ് എന്നിവയുടെ വിശാലമായ ഫുഡ് കോർട്ടുകളും സജ്ജമാണ്.

ഗവ. സേവനങ്ങൾ സ്റ്റാളുകളിലും

കെഎസ്ഇബി  സൗര രജിസ്ട്രേഷനുള്ള സംവിധാനം, തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ അതിഥി തൊഴിലാളികൾക്കായി ആവാസ് ഇൻഷൂറൻസ് കാർഡ് നൽകുകയും അസംഘടിത തൊഴിലാളികൾക്കായി ഇ- ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ വിവിധ പദ്ധതികളെ പറ്റിയുള്ള വിശദമായ ക്ലാസ് ജനങ്ങൾക്ക് നർകുകയും ചെയ്യും.
റവന്യു വകുപ്പ്, അക്ഷയ കേന്ദ്രം, ആരോഗ്യ വകുപ്പ്, സിവിൽ സപ്ലൈസ് വകുപ്പ്, ഭൂഗർഭജല വകുപ്പ്, ജില്ലാ എംപ്ലോയ്‌മെന്റ്് എക്‌സ്‌ചേഞ്ച്, തൊഴിൽ വകുപ്പ്, ജില്ലാ പഞ്ചായത്തിന്റെ ഇൻവെസ്റ്റേഴ്‌സ് ഡെസ്‌ക്,  വിദ്യാഭ്യാസ വകുപ്പ്, അനർട്ട്, കണ്ണൂർ ഗവ. മെഡിക്കൽ കോളജ്,   പൊലീസ്, ഐഎസ്എം തുടങ്ങിയ സ്റ്റാളുകൾ മേളയുടെ കൊഴുപ്പ് കൂട്ടി. മൃഗസംരക്ഷണ വകുപ്പിന്റെ പവലിയനിൽ മുണ്ടയാട് മേഖലാ കോഴി വളർത്തു കേന്ദ്രത്തിലെ ഉത്പന്നങ്ങളുടെ പ്രദർശനം, വിൽപന, വകുപ്പിന്റെ കീഴിലുള്ള എഗ്ഗർ നഴ്സറികളിൽ നിന്നുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെ വിതരണം എന്നിവയുമുണ്ടായി. ഏപ്രിൽ 14 വരെയുള്ള എക്സിബിഷന് കൊടിയേറി കഴിഞ്ഞു. മികച്ച അനുഭവമാകും ഓരോ കാണികൾക്കും ലഭിക്കുക എന്ന് ഉറപ്പ്.