കേരള വികസനത്തിന് കെ റെയിലും കെ ഫോണും പോലുള്ള പുതിയ സംവിധാനങ്ങളിലൂടെ മുന്നോട്ട് പോകുമെന്ന് റവന്യു – ഭവന വകുപ്പ് മന്ത്രി കെ രാജൻ. രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബിയിലുടെ 140 മണ്ഡലങ്ങളിലുമെത്തിയ വികസനത്തേര് ജനങ്ങൾ ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. ആശയപരമായ ചിന്തയിലൂന്നി ഒരു മനസ്സായി  ഒറ്റകെട്ടായി പ്രവർത്തിക്കുന്ന സർക്കാറാണിതെന്നും മന്ത്രി കൂട്ടി ചേർത്തു.
കേരളത്തെ ഒരു പ്രളയത്തിനും ഒരു കോവിഡിനും ഒരു ദുരന്തത്തിനും വിട്ടുകൊടുക്കാത്ത ലോക മലയാളത്തിന്റെ രക്ഷകർത്താവാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വിപുലമായ വികസനത്തിന്റേയും ജനമുന്നേറ്റത്തിന്റേയും  മതനിരപരതയുടെയും ജനാതിപത്യ അടിത്തറയിൽ നിന്ന് ഉയർന്നു വന്നിട്ടുള്ള സാമൂഹ്യ വികസനത്തിന്റേയും ആറു വർഷക്കാലമാണ് ലോകം കണ്ടത്.
ഇന്ത്യയുടെ വടക്കൻ സംസ്ഥാനങ്ങളിൽ നിരവധി തവണ വലിയ പ്രളയങ്ങൾ ഉണ്ടായിട്ടുണ്ട്. അവിടെയുള്ള ജനങ്ങൾ എല്ലാം നഷ്ടപെട്ട് കൈ കുഞ്ഞുങ്ങളേയും കൊണ്ട് എന്തെങ്കിലും സഹായത്തിനായി  കേരളത്തിലേക്കെത്തുന്നത് നാം കണ്ടിട്ടുണ്ട്. ഇവിടെ ഭീകരമായ ദുരന്തം ഉണ്ടായിട്ടില്ലെന്ന് പ്രഖ്യാപിക്കുകയും വിവിധ മേഖലകളിൽ നിന്ന് ലഭിക്കാനിരുന്ന സഹായം നിഷേധിക്കുകയും ചെയ്ത് ഒറ്റപ്പെടുത്താൻ ശ്രമിച്ചിട്ടും മൂന്നരക്കോടി വരുന്ന കേരള ജനതയെ അയൽ സംസ്ഥാനങ്ങളിൽ പിച്ച തെണ്ടാൻ അനുവദിക്കാതെ  സംരക്ഷിച്ച സർക്കാറാണിത്- മന്ത്രി പറഞ്ഞു.നടപ്പാക്കിയത് വികസന രാഷ്ട്രീയത്തിന്റെ പുത്തൻ ബദൽ: മന്ത്രി എ കെ ശശീന്ദ്രൻ

കഴിഞ്ഞ അഞ്ച് വർഷക്കാലം ജനങ്ങളുടെ പ്രതീക്ഷയനുസരിച്ച് പ്രവർത്തിച്ച സർക്കാരിന് കേരളീയ ജനത നൽകിയ എ പ്ലസ് സർട്ടിഫിക്കറ്റാണ് രണ്ടാം പിണറായി സർക്കാർ എന്ന് വനം വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വ്യക്തമായ കാഴ്ചപ്പാടോടെ ഭാവിയെ മുന്നിൽക്കണ്ടു കൊണ്ട് സമസ്ത മേഖലയിലും വികസന മാതൃക തീർത്ത സർക്കാരാണിത്. പ്രതിസന്ധികൾ ഘോഷയാത്ര തീർത്തപ്പോൾ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കാൻ ശക്തമായ ഒരു ഭരണകൂടമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാരിന് സാധിച്ചെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

ജനകീയ വികസന മുന്നേറ്റങ്ങളുടെ ബ്രാന്റ് നെയിമായി കേരളം മാറി: മന്ത്രി അഹമ്മദ് ദേവർ കോവിൽ

ജനകീയ വികസന മുന്നേറ്റങ്ങളുടെ ബ്രാന്റ് നെയിമായി കേരളം മാറിയെന്ന് തുറമുഖ, മ്യൂസിയം, പുരാവസ്തു – പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാവുന്നതോടെ ടൂറിസം, വാണിജ്യ വികസന മേഖലകൾക്ക് വലിയ കുതിപ്പേകാൻ കഴിയും. സമഗ്ര വികസനത്തിലൂടെ  സമാനതകളില്ലാത്ത നേട്ടം കൈവരിക്കാൻ സർക്കാരിന് സാധിച്ചു – മന്ത്രി പറഞ്ഞു.

വികസനത്തെ എതിർക്കുന്നവരെ കേരളം ഒറ്റപ്പെടുത്തും: മന്ത്രി ആന്റണി രാജു

വികസനത്തെ എതിർക്കുന്നവരെ കേരളം ഒറ്റപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. നിശ്ചയദാർഢ്യവും ദീർഘവീക്ഷണവുമുള്ള സർക്കാരിന്റെ കരുത്ത് കേരള ജനതയാണെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. സമാനതകളില്ലാത്ത പ്രതിസന്ധികളിൽ ഉണ്ണാനും ഉടുക്കാനുമില്ലാത്ത ജനതയെ കൈപിടിച്ചുയർത്തിയ സർക്കാരിന്റെ മുഖമുദ്ര ജനക്ഷേമവും വികസനവും തന്നെയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നാല് വർഷം കൊണ്ട് 40 ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന നാടായി കേരളം മാറും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

നാല് വർഷം കൊണ്ട് 40 ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന നാടായി കേരളം മാറുമെന്ന് തദ്ദേശ സ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പാവപ്പെട്ട ജനങ്ങൾക്ക് ഗുണമേന്മയുള്ള ജീവിതം ഉറപ്പുവരുത്തുകയാണ് സർക്കാർ ലക്ഷ്യം. അതി ദരിദ്രരില്ലാത്ത നാടായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.

ദുരന്ത കാലഘട്ടത്തിലും ജനങ്ങളെ ചേർത്തു നിർത്തിയ സർക്കാർ: മന്ത്രി റോഷി അഗസ്റ്റിൻ

മഹാമാരിക്കാലത്ത് ജനങ്ങൾ പകച്ചു നിന്നപ്പോൾ അവരെ ചേർത്തു നിർത്താൻ നമ്മുടെ സർക്കാരിന് കഴിഞ്ഞെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഉറപ്പ് നൽകിയ കാര്യങ്ങൾ നടപ്പാക്കാൻ കഴിഞ്ഞതിനാൽ ജനങ്ങൾ സർക്കാരിൽ അർപ്പിച്ച വിശ്വാസമാണ് പിണറായി വിജയൻ സർക്കാരിനെ രണ്ടാം തവണയും അധികാരത്തിൽ എത്തിച്ചതെന്ന് മന്ത്രി പറഞ്ഞു. പാവപ്പെട്ടവന്റെ കുടുംബങ്ങളിലെ അടുപ്പിലെ തീ അണയാതെ കാത്തുസൂക്ഷിക്കാനും അവരുടെ സുരക്ഷിതത്വം ഉറപ്പു വരുത്താനും സർക്കാരിന് കഴിഞ്ഞു. സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ ഭരണമാണ് സർക്കാർ നടപ്പാക്കുന്നത്. മന്ത്രി പറഞ്ഞു.

സൗരോർജ്ജ പദ്ധതികളിലൂടെ വൈദ്യുതി മേഖലക്ക് പുത്തനുനർവ് നൽകി: മന്ത്രി കെ കൃഷ്ണൻ കുട്ടി

വിവിധങ്ങളായ സൗരോർജ്ജ പദ്ധതികളിലൂടെ വൈദ്യുത മേഖലക്ക് പുത്തനുണർവ് നൽകാൻ പിണറായി വിജയൻ സർക്കാരിന് കഴിഞ്ഞെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. 15 വർഷത്തിന് ശേഷം വൈദ്യുതി മേഖലയിൽ പ്രവർത്തന ലാഭം ഉണ്ടാക്കാൻ സർക്കാരിന് കഴിഞ്ഞു. ഈ മേഖലയിൽ നില നിന്നിരുന്ന മുരടിപ്പ് മാറ്റുന്നതിനും ലോകോത്തര നിലവാരമുള്ള സൗരോർജ്ജ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും സാധിച്ചു.