സംസ്ഥാന സഹകരണ വകുപ്പ് പ്രഖ്യാപിച്ച നിക്ഷേപ സമാഹരണ യജ്ഞത്തിൽ സമാഹരിച്ചത് 7253.65 കോടി രൂപ. 6000 കോടി രൂപ ലക്ഷ്യമിട്ട യജ്ഞത്തിൽ 1253 കോടി രൂപയുടെ അധിക നിക്ഷേപം സഹകരണ സ്ഥാപനങ്ങൾ നേടിയതായി സഹകരണം, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രയാസങ്ങൾക്കിടയിലാണ് നിക്ഷേപ സമാഹരണ യജ്ഞം നടത്താൻ തീരുമാനിച്ചത്. നിക്ഷേപ സമാഹരണ കാലയളവിൽ വിവിധ നിക്ഷേപങ്ങളായി കേരള ബാങ്കിനു മാത്രം 3375.54 കോടി രൂപ ലഭിച്ചു. 1025 കോടി രൂപയായിരുന്നു ലക്ഷ്യമിട്ടതെങ്കിലും 329 ശതമാനം അധികം നേടാൻ സഹകരണ വകുപ്പിന് സാധിച്ചു. എറണാകുളം ജില്ലയാണ് ഏറ്റവും കൂടുതൽ നിക്ഷേപ സമാഹരണം നടത്തിയത്. ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിലായി 506.89 കോടി രൂപയുടെ നിക്ഷേപമാണ് ലഭിച്ചത്. നിക്ഷേപക യജ്ഞത്തിൽ രണ്ടാം സ്ഥാനത്തുള്ള കണ്ണൂർ ജില്ലയിലെ സഹകരണ ബാങ്കുകളിൽ 463 കോടിയുടെ നിക്ഷേപം ഇക്കാലയളവിൽ ഉണ്ടായി.
സംസ്ഥാനത്തെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളിലെ നിക്ഷേപം 1,14,105.72 കോടിയായി ഉയർന്നു. അർബൻ ബാങ്കുകളുടെ നിക്ഷേപം 16,663.31 കോടിയാണ്. സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കുകളുടെ നിക്ഷേപം 335.04 കോടിയും ഇതര സഹകരണ സംഘങ്ങളുടെ നിക്ഷേപം 13,394.39 കോടിയുമാണ്. എംപ്ലോയ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ, അഗ്രികൾച്ചറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ, മൾട്ടി പർപ്പസ് സൊസൈറ്റികൾ എന്നിവരുടെ നിക്ഷേപം 27,89.14 കോടി രൂപയാണ്. സംസ്ഥാനത്ത് കേരള ബാങ്ക് ഒഴികെയുള്ള സഹകരണ സംഘങ്ങളിലായി ആകെ 2,46,524.99 കോടിയുടെ നിക്ഷേപം 2021-22 സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ലഭിച്ചിട്ടുണ്ട്.