തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ ഏകോപിപ്പിക്കുന്നതിനും ഫിഷറീസ് സ്റ്റേഷന്‍ പ്രയോജനപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുന്നതുന്നതിനും പ്രതിശീര്‍ഷ വരുമാനം വര്‍ധിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഫിഷറീസ് വകുപ്പിന്റെ വിദ്യാതീരം പദ്ധതിയുടെ പിന്തുണയോടെ 2016-22വര്‍ഷത്തില്‍ 53 മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് എം.ബി.ബി.എസ്. പ്രവേശനം നേടാനായി.

കടലാക്രമണ ഭീഷണിയില്‍ കഴിഞ്ഞിരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷയൊരുക്കുന്ന പുനര്‍ഗേഹം പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂര്‍, മലപ്പുറം, കാസര്‍കോട് ഫിഷറീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

ചടങ്ങില്‍ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. തോട്ടപ്പള്ളി ഹാര്‍ബറില്‍ നടന്ന ചടങ്ങില്‍ പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ് സുദര്‍ശനന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.ജി. സൈറസ്, കവിത, ഹാരിസ്, സജിത, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ എം. ശ്രീകണ്ഠന്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ രമേശ് ശശിധരന്‍, രാജീവ്, അസിസ്റ്റന്റ് ഡയറക്ടര്‍ സീമ, മത്സ്യഫെഡ് ജില്ലാ മാനേജര്‍ ഷാനവാസ്, കോസ്റ്റല്‍ എസ്.ഐ. ഷാജഹാന്‍, ജി.എസ്.ഐ.മാരായ മണിലാല്‍, കമലന്‍, പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

അധുനിക സൗകര്യങ്ങളുള്ള ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റസ്‌ക്യൂ ബോട്ടുകളുടെ സേവനവും ലഭ്യമാണ്. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവരാണെന്ന് ഉറപ്പാക്കുന്നതിന് ഉള്‍പ്പെയുള്ള പരിശോധനകള്‍ ഇവിടെ ഏകോപിപ്പിക്കും.

അസിസ്റ്റന്റ് ഡയറക്ടര്‍, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഫിഷറീസ് ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പടെ എട്ട് ഉദ്യോഗസ്ഥരാണ് ഈ ഓഫീസില്‍ ഉണ്ടാവുക. പ്രത്യേക പരിശീലനം ലഭിച്ച റെസ്‌ക്യൂ ഗാര്‍ഡുമാരുടെ സേവനവും ലഭ്യമാണ്.