മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് കൃഷി മന്ത്രി പി. പ്രസാദ് നിര്‍ദേശിച്ചു. ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ശുചിത്വ മിഷന്‍ ആലപ്പുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശുചിത്വ കേരളം വാക്കുകള്‍ക്കപ്പുറം പ്രവൃത്തിപഥത്തിലും എത്തണം. മാലിന്യങ്ങള്‍ മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ഇവ വലിച്ചെറിയുന്ന സംസ്‌കാരം ഇല്ലാതാക്കാം. കായലുകളിലും തോടുകളിലും കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി കൂടുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് അധ്യക്ഷത വഹിച്ചു. കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ഭായി, വൈസ് പ്രസിഡന്റ് ആര്‍. അമ്പിളി, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി ജയകുമാരി, കുടുംബശ്രീ ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജെ. പ്രശാന്ത് ബാബു, ഡെപ്യൂട്ടി ഡി.എം.ഒ എ.ആര്‍. ശ്രീഹരി, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എസ് രാജേഷ്, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് കുഞ്ഞ്ആശാന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ വി. പ്രദീപ്കുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കടുത്തു.
കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്തില്‍ കൃഷിയിടങ്ങളില്‍ ഓരു വെള്ളം കയറുന്നത് തടയുന്ന പദ്ധതി രൂപരേഖ പഞ്ചായത്ത് പ്രസിഡന്റ് മന്ത്രിക്ക് സമര്‍പ്പിച്ചു. സംസ്ഥാനത്ത് ആദ്യമായി പഞ്ചായത്ത് തലത്തില്‍ കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനായി സ്ഥലം കണ്ടെത്തിയ മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.മോഹന്‍ കുമാറിനെ മന്ത്രി ആദരിച്ചു.