മത്സ്യോത്പാദന മേഖലയിലെ ശോഷണം പരിഹരിക്കുന്നതിനും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനും സംസ്ഥാന സർക്കാർ നടത്തിയ ഇടപെടലുകളുടെ ഫലമായി മത്സ്യോത്പാദനം ആറ് ലക്ഷം മെട്രിക് ടണ്ണായി വർധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ ജില്ലയിലെ അഴീക്കോട് ഫിഷറീസ് സ്റ്റേഷന്റെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ, കാസർകോട്, മലപ്പുറം ജില്ലകളിൽ ആരംഭിച്ച ഫിഷറീസ് സ്റ്റേഷനുകളോടൊപ്പമാണ് അഴീക്കോട് സ്റ്റേഷനും ഉദ്ഘാടനം ചെയ്യപ്പെട്ടത്.
കേരളത്തിന്റെ സമ്പദ്ഘടനയിൽ നിർണായകമായ പങ്കാണ് മത്സ്യബന്ധന മേഖല നിർവ്വഹിച്ചു പോരുന്നത്. ദേശീയതലത്തിൽ മത്സ്യോത്പാദന മേഖല വളർച്ചയുടെ പാതയിലാണെങ്കിലും കേരളത്തിന്റെ സാധ്യതയ്ക്കനുസരിച്ച് മത്സ്യോത്പാദന മേഖല വളരുന്നില്ല. ഈ സ്ഥിതിവിശേഷം മാറ്റുന്നതിനായാണ് സംസ്ഥാന സർക്കാർ ഈ മേഖലയിൽ ഇടപെടലുകൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യബന്ധനം ആദായകാരമാക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഫിഷറീസ് സ്റ്റേഷനുകൾ വലിയ പങ്കാണ് വഹിക്കുന്നത്. ഫിഷറീസ് സ്റ്റേഷൻ നിലവിലുള്ള ജില്ലകളിൽ ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കാൻ ഏറെക്കുറെ സാധിച്ചിട്ടുണ്ട്. സ്റ്റേഷനുകൾ ഇല്ലാത്ത ജില്ലകളിൽ സമുദ്രമത്സ്യബന്ധന നിയന്ത്രണ നിയമം കർശനമായി പാലിക്കാൻ പ്രയാസങ്ങൾ നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് 4 തീരദേശ ജില്ലകളിലും ഫിഷറീസ് സ്റ്റേഷനുകൾ ആരംഭിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായുണ്ടാകുന്ന മത്സ്യബന്ധനസമയത്തെ അപകടങ്ങൾ വർധിപ്പിക്കുന്നത് കണക്കിലെടുത്ത് 3 മറൈൻ ആംബുലൻസ്, 11 റെസ്ക്യൂ ബോട്ടുകൾ, പരിശീലനം സിദ്ധിച്ച 65 ലൈഫ് ഗാർഡ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ഫിഷറീസ് ഡയറക്ടറേറ്റ് കേന്ദ്രീകരിച്ച് ഒരു മാസ്റ്റർ കൺട്രോൾ റൂമും വിഴിഞ്ഞം, വൈപ്പിൻ, ബേപ്പൂർ എന്നിവയിൽ ഓരോ റീജിയണൽ കൺട്രോൾ റൂമുകളും പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രതിശീർഷ വരുമാനം വർധിപ്പിക്കുന്നതിനും വിദ്യാഭ്യാസ-സാമൂഹികപരമായി അവരെ ഉയർത്തിക്കൊണ്ടു വരുന്നതിനും സർക്കാർ ഒട്ടേറെ നടപടികൾ സ്വീകരിച്ചു. വിദ്യാതീരം പദ്ധതിയുടെ ഭാഗമായി 53 മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് എംബിബിഎസ് പ്രവേശനം നേടാനായി. തീരത്ത് കടലാക്രമണ
ഭീഷണി നേരിടുന്ന മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിതമേഖലയിൽ ഭവനം ഒരുക്കുന്ന പുനർഗേഹം പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാവും വിധമാണ് നടപ്പാക്കുന്നത്. 100 ദിന പദ്ധതിയുടെ ഭാഗമായി 250 വീടുകളുടെ താക്കോൽ കൈമാറി. 1109 വീടുകളാണ് പദ്ധതിയുടെ ഭാഗമായി ഇതുവരെ കൈമാറിയത്. 1126 വീടുകളുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഭൂമി രജിസ്റ്റർ ചെയ്ത 2235 പേരുടെ ഭവനനിർമ്മാണം വൈകാതെ ആരംഭിക്കും. 114 ഫ്‌ളാറ്റുകൾ നിർമ്മാണത്തിന്റെ അന്തിമഘട്ടത്തിലാണ്. ഇതുവരെ ഭരണാനുമതി നൽകിയ 784 ഫ്‌ളാറ്റുകളുടെയും നിർമ്മാണം വിവിധ ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓൺലൈനായി നടന്ന ചടങ്ങിൽ ഫിഷറീസ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ നിർവ്വഹിച്ചു. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം നൗഷാദ് കറുകപ്പാടത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീന റാഫി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജ പി ജോസ്, അസിസ്റ്റന്റ്
ഡയറക്ടർ ജയന്തി ടി ടി, അസി. രജിസ്ട്രാർ കെ നിസാമുദ്ദീൻ, റീജിയണൽ ശ്രിംപ് ഹാച്ചറി അസി. ഡയറക്ടർ അനീഷ് പി, മധ്യമേഖലാ ഫിഷറീസ് ജോയിന്റ് ഡയറക്ടർ എം എസ് സാജു, മത്സ്യഫെഡ് ജില്ലാ മാനേജർ ബാബു കെ കെ, കെ എസ് സി എ ഡി സി റീജിയണൽ മാനേജർ രാജു ആനന്ദ്, അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഐ എസ് എച്ച് ഒ ബിനു സി, മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.