‘ആരോഗ്യ സുരക്ഷക്ക് മാലിന്യ മുക്ത പരിസരം’ പദ്ധതി
ജില്ലാതല ശില്‍പശാല മന്ത്രി ഉദ്ഘാടനം ചെയ്തു
ശുചിത്വ കാര്യങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച് മുന്നോട്ടു പോകണമെന്ന് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശുചിത്വ മിഷനും ഹരിത കേരളമിഷനും സംയുക്തമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് സംഘടിപ്പിച്ച ‘ആരോഗ്യ സുരക്ഷക്ക് മാലിന്യ മുക്ത പരിസരം’ പദ്ധതിയുടെ ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയുകയായിരുന്നു മന്ത്രി.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ അതത് പ്രദേശങ്ങളില്‍ സമ്പൂര്‍ണ മാലിന്യ സംസ്‌ക്കരണം നടപ്പിലാക്കി പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കാന്‍ നടപടികളെടു ക്കണമെന്നും ജനപങ്കാളിത്തത്തോടെ ഒരു യജ്ഞമായി ക്യാമ്പയിനിനെ ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു. മാലിന്യ സംസ്‌ക്കരണത്തില്‍ ഹരിത കര്‍മസേനയുടെ പങ്കിനെ മന്ത്രി പ്രശംസിച്ചു.
പദ്ധതിയുടെ ഭാഗമായി വാര്‍ഡ്തല ആരോഗ്യ ശുചിത്വ പോഷണ സമിതിയുടെ നേതൃത്വത്തില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങളും നടപ്പിലാക്കും. തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ്, കുടുംബശ്രീ ബന്ധപ്പെട്ട മറ്റ് വകുപ്പുകള്‍, ഏജന്‍സികള്‍, മിഷനുകള്‍ എന്നിവരുടെ സഹകരണത്തോടെ ബഹുജന പങ്കാളിത്തത്തോടെ പദ്ധതി ഏകോപിപ്പിക്കും.
‘ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം’ എന്ന ക്യാമ്പയിനോടൊപ്പം തെളിനീരൊഴുകും നവകേരളം എന്ന ക്യാമ്പയിനിനും പരിപാടിയില്‍ തുടക്കമായി. ‘ഇനി ഞാന്‍ ഒഴുകട്ടെ’ എന്ന ക്യാമ്പയിനിന്റെ രണ്ടാം ഘട്ടമാണ് ‘തെളിനീരൊഴുകും നവകേരളം’ എന്ന ക്യാമ്പയിന്‍. മഴക്കാല പൂര്‍വ ശുചീകരണം, തെളിനീരൊഴുകും നവകേരളം, പ്രളയത്തിന്റെ ഭാഗമായി കുമിഞ്ഞു കൂടിയ എക്കല്‍മണ്ണ് ഒഴിവാക്കല്‍ തുടങ്ങി മൂന്ന് ക്യാമ്പയിനുകള്‍ ഇതിനൊപ്പം സംഘടിപ്പിക്കും. പ്രളയകാലത്ത് പുഴകളിലും, തോടുകളിലും വന്നടിഞ്ഞ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നടപടികളെ കുറിച്ച് കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ യോഗത്തില്‍ വിശദീകരിച്ചു.