വേറിട്ട നൃത്ത ചുവടുകളുമായി കാണികളെ ഇളക്കി മറിച്ച് ആനന്ദ നൃത്തത്തിലാറാടിച്ച് ആരോസ് കൊച്ചിയുടെ ആട്ടവും പാട്ടും. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് കണ്ണൂർ പൊലീസ് മൈതാനത്തെ വേദിയിൽ ആരോസ് കൊച്ചി അക്രോബാറ്റിക് ഡാൻസും അടിപൊളി പാട്ടുകളുമായി ചുവട് വെച്ചത്. നീണ്ട കോവിഡ് കാലത്തിന് ശേഷം ലഭിച്ച തുറന്ന സ്റ്റേജിൽ കൊച്ചു കുട്ടികൾ ഉൾപ്പെടെ നിറഞ്ഞ ആവേശത്തോടെ കൂട്ടമായി മതിമറന്നാടി.
‘നവരസ’ എന്ന മലയാള ഗാനത്തിന് നൃത്തം ചവിട്ടിയായിരുന്നു തുടക്കം. പിന്നീടുള്ള രണ്ടു മണിക്കൂർ സജിത്ത് ആരോസിന്റെ നേതൃത്വത്തിലുള്ള 16 ആംഗ സംഘം കാണികൾക്ക് സമ്മാനിച്ചത് വേറിട്ട അനുഭവം. ചില നൃത്ത പ്രകടനങ്ങൾ ഹൃദയമിടിപ്പ് കൂട്ടിയെങ്കിലും അതിനെയെല്ലാം നിറഞ്ഞ ഹർഷാരവത്തോടെയാണ് കാണികൾ സ്വീകരിച്ചത്. ഡാൻസിന്റെ ഇടവേളകളിൽ സംഘത്തിലെ ഗായകർ പാട്ടുമായി സ്റ്റേജിന് പുറത്തേക്ക് ഇറങ്ങിയതോടെ സദസ്യരും എല്ലാം മറന്ന് നൃത്തം ചെയ്തു. ഏവരെയും ആഘോഷ ലഹരിയിൽ ആറാടിച്ചപ്പോഴും പരിപാടിയിലൂടെ സാമൂഹ്യമായ സന്ദേശങ്ങൾ നൽകാനും ഇവർ മറന്നില്ല. മതത്തിന്റെയും ജാതിയുടെയും വേലിക്കെട്ടില്ലാതെ എല്ലാവരും ഒരുമയോടെ മുന്നേറണമെന്ന സന്ദേശം നൽകിയാണ് ആരോസ് കണ്ണൂരിനോട് വിടപറഞ്ഞത്. കുട്ടികൾ മുതൽ മുതിർന്നവർ വരെയുളള ആയിരക്കണക്കിന് ആളുകളാണ് പരിപാടി കാണാൻ എത്തിയത്. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിക്ക് പ്രശസ്ത ഗായകൻ രതീഷ് പല്ലവി നയിക്കുന്ന ‘സ്മൃതി മധുരം’ ഗാനമേള അരങ്ങേറും.