കര്‍ഷകനെ ദൈവമായി കാണണം:മന്ത്രി പി.പ്രസാദ്

കര്‍ഷകനെ ദൈവമായി കാണണമെന്ന് കാര്‍ഷിക വികസന ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ്. കൃഷിഭവനിലെത്തി സഹായമഭ്യര്‍ത്ഥിക്കുന്ന കര്‍ഷകരെ തിരസ്‌കരിക്കരുത്. അവര്‍ക്ക് വേണ്ട സഹായം ഏതുവിധേനയും നല്‍കണമെന്നും കര്‍ഷകന് സമൂഹത്തില്‍ അന്തസോടെ ജീവിക്കാന്‍ നാമെല്ലാവരും സഹായിക്കണമെന്നും മന്ത്രി പറഞ്ഞു.കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന കാമ്പയിന്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ കൃഷി വകുപ്പ്, മണ്ണുപരിവേക്ഷണ – മണ്ണുസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി
എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന് ആവശ്യമായ പച്ചക്കറി സ്വയം ഉത്പാദിപ്പിക്കുക എന്നതാണ് ഞങ്ങളും കൃഷിയിലേക്ക് എന്ന കാമ്പയിനിന്റെ പ്രധാന ലക്ഷ്യം. ജീവിതശൈലീ രോഗങ്ങളെ തടയാന്‍ വിഷരഹിതമായ പച്ചക്കറിയുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കണം. ഇന്ന് മനുഷ്യര്‍ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളുടെ പിന്നിലുള്ള പ്രധാന കാരണം തെറ്റായ ആഹാരരീതികളാണ്. കാര്‍ബണ്‍ ന്യൂട്രല്‍ കൃഷിയിലൂടെയും ജൈവകൃഷിയിലൂടെയും ശുദ്ധമായ പച്ചക്കറികള്‍ ഉത്പാദിപ്പിക്കാനാകും. ഇന്ത്യയിലാദ്യമായി കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി നടപ്പാക്കാന്‍ പോകുന്നത് കേരളത്തിലാണ് എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ പത്തുവര്‍ഷമായി ആലുവയിലെ സ്റ്റേറ്റ് സീഡ് ഫാമില്‍ ജൈവകൃഷിയാണ് നടപ്പാക്കുന്നത്.

എല്ലാവരിലും കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുക, തരിശുഭൂമി കണ്ടെത്തി കൃഷി പ്രോത്സാഹിപ്പിക്കുക, എല്ലാ കുടുംബങ്ങളെയും ജൈവകൃഷിയിലേക്ക് കൊണ്ടുവരിക, ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് എത്തുക എന്നിവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. കൃഷിവകുപ്പില്‍ മാത്രം ഒതുങ്ങാതെ മറ്റ് വകുപ്പുകളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സംയോജിത കൃഷി രീതിയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. കൃഷിഭവന്‍ മുഖേന 100 ദിവസത്തിനുള്ളില്‍ കുറഞ്ഞത് 10 സേവനമെങ്കിലും നല്‍കുക എന്നതാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി കര്‍ഷക ഗ്രൂപ്പുകള്‍ രൂപീകരിക്കുകയും കൃഷി വ്യാപിപ്പിക്കുകയും വേണം. കാര്‍ഷികവിളകളുടെ ഉത്പാദനത്തോടൊപ്പം അതിനനുസൃതമായ വിപണി കണ്ടെത്തേണ്ടതുണ്ട്. ‘എന്റെ കൃഷിയിടം, എന്റെ വിപണി’ എന്ന രീതിയില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വിപണി മികച്ച ആശയമാണ്. ഇതുവഴി ഒരുലക്ഷത്തിലധികം തൊഴില്‍ സൃഷ്ടിക്കാനാകും. കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതുവഴി കൂടുതല്‍ ആളുകള്‍ കൃഷിയിലേക്ക് ഇറങ്ങും. പരമ്പരാഗതമായ കാര്‍ഷിക വിഭവങ്ങളുടെ സംരക്ഷണത്തിനും പ്രാധാന്യം നല്‍കണമെന്ന് മന്ത്രി പറഞ്ഞു.

‘ഞങ്ങളും കൃഷിയിലേക്ക്’ കാമ്പയിനുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുഴുവന്‍ കൃഷിഭവനുകളെയും റാങ്കിംഗ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തുമെന്നും, മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നവയ്ക്ക് പുരസ്‌കാരങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. കാമ്പയിനിന്റെ ഭാഗമായുള്ള പ്രതിജ്ഞയും മന്ത്രി ചൊല്ലിക്കൊടുത്തു.

അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ഇഷിത റോയി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി വകുപ്പ് ഡയറക്ടര്‍ ടി.വി.സുഭാഷ് ആമുഖ പ്രഭാഷണം നടത്തി. കൃഷി വകുപ്പ് അഡീഷണല്‍ സെക്രട്ടറി സാബിര്‍ ഹുസൈന്‍ പദ്ധതി വിശദീകരണം ചെയ്തു. കൃഷിവകുപ്പ് സെക്രട്ടറി അലി അസ്‌കര്‍ പാഷ, കൃഷി അഡീഷണല്‍ ഡയറക്ടര്‍മാരായ ജോര്‍ജ് അലക്‌സാണ്ടര്‍, വി.ആര്‍ സോണിയ, എലിസബത്ത് പുന്നൂസ്,  തുടങ്ങിയവര്‍ സംസാരിച്ചു.