വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്‍പന്തിയിലെത്താന്‍ നവോത്ഥാന മൂല്യങ്ങളിലൂടെ വളര്‍ന്നു വന്ന സമരമാര്‍ഗങ്ങള്‍ കാരണമായെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. ഉന്നതര്‍ക്ക് മാത്രം പ്രാപ്യമായിരുന്ന വിദ്യാഭ്യാസം സാധാരണക്കാര്‍ക്ക് അനുഭവവേദ്യമാക്കിയതും സാക്ഷരകേരളം എന്ന വാക്ക് ഉപയോഗിക്കാന്‍ സാധിച്ചതും ഇതിന്റെ അടിസ്ഥാനത്തിലാണെന്നും മന്ത്രി. കയ്പമംഗലം നിയോജകമണ്ഡലം വിദ്യാഭ്യാസ സമിതിയുടെ അക്ഷരകൈരളി സ്‌നേഹാദരം യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിലായി സുസ്ത്യര്‍ഹമായ സേവനം കാഴ്ച്ചവെച്ച 47 അദ്ധ്യാപകര്‍ക്കാണ് കയ്പമംഗലം മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതിയായ അക്ഷരകൈരളിയുടെ നേതൃത്വത്തില്‍ സ്‌നേഹാദരം നല്‍കിയത്. മതിലകം ഒ എല്‍ എഫ് ജി എച്ച് എസ്സില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി അബ്ദുറഹിമാന്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചവരെ മൊമെന്റോ നല്‍കി ആദരിച്ചു.

വിദ്യാഭ്യാസയജ്ഞം കൂടുതല്‍ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ പദ്ധതിയാണ് അക്ഷരകൈരളി. 2016-17 ല്‍ ആരംഭിച്ച പദ്ധതി സംസ്ഥാനത്തെ മറ്റ് നിയോജകമണ്ഡലങ്ങളില്‍ നിന്ന് വ്യത്യസ്തമായൊരു വിദ്യാഭ്യാസപദ്ധതിയുമായാണ് നിലനില്‍ക്കുന്നത്. അക്ഷരകൈരളി പദ്ധതിയുടെ ഭാഗമായി 11 ഉപഗ്രൂപ്പുകള്‍ രൂപീകരിച്ചു വ്യത്യസ്തമായ പദ്ധതികള്‍ അതിലൂടെ നടപ്പാക്കി. വായനാവസന്തം, സയന്‍ഷ്യ, കലാമുറ്റം, സ്വരക്ഷ, സുമേധ, ഐ ടി, ചാരുത, സോഷ്യല്‍ സയന്‍സ്, ഗണിതം, ഇംഗ്ലീഷ്, തളിര്‍ എന്നീ 11 ഗ്രൂപ്പുകളും വ്യത്യസ്തമായ ലക്ഷ്യങ്ങളോട് കൂടിയാണ് പ്രവര്‍ത്തിക്കുന്നത്.

എംഎല്‍എ ചെയര്‍മാനായുള്ള, പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന, വിദ്യാഭ്യാസരംഗത്ത് പ്രാവീണ്യം നേടിയവരും പ്രഗത്ഭരുമായ ആളുകള്‍ കണ്‍വീനര്‍മാരുമായ സമിതിയാണ് ഗ്രൂപ്പിനെ നയിക്കുന്നത്. മണ്ഡലത്തിലെ വിദ്യാര്‍ത്ഥികളെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുപ്പിക്കുന്ന സുമേധ, വിദ്യാര്‍ത്ഥികളുടെ സയന്‍സ് പരീക്ഷണങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉതകുന്ന സയന്‍ഷ്യ, ലഹരി ഉപയോഗത്തില്‍ നിന്ന് കുട്ടികളെ വിമുക്തരാക്കി അവര്‍ക്ക് ആരോഗ്യബോധവത്കരണം നടത്തുന്ന സ്വരക്ഷ, വായനയിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്ന വായനാവസന്തം, പൊതുവിദ്യാഭ്യാസരംഗത്ത് പഠിക്കുന്ന കുട്ടികള്‍ക്ക് ഇംഗ്ലീഷ് എളുപ്പമാക്കാന്‍ ഇംഗ്ലീഷ്, കുട്ടികളിലെ ചരിത്രാന്വേഷണം ഏകോപിപ്പിക്കാന്‍ സോഷ്യല്‍ സയന്‍സ്, പഠനം കംപ്യൂട്ടര്‍ വഴി നടപ്പാക്കുന്ന ഐ.ടി, പുറമെയുള്ള അധ്യാപകരെ കൂടി ഉള്‍പ്പെടുത്തി കണക്കിനെ എളുപമാക്കുന്ന ഗണിതം, കാര്‍ഷിക സംസ്‌കാരം കുട്ടികളില്‍ രൂപപ്പെടുത്തിയെടുക്കാന്‍ തളിര്‍, ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്ക് കൂടി ഗുണം നല്‍കുന്ന ചാരുത എന്നിവയാണ് അക്ഷരകൈരളിയിലെ മുഖ്യഘടകങ്ങളായി വര്‍ത്തിക്കുന്നത്.

ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ ടി കെ നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ മുഖ്യാതിഥിയായി.