ഡിജിറ്റല്‍ റീസര്‍വേയുടെ ഭാഗമായി കോഴഞ്ചേരി, ഇലന്തൂര്‍, ചെന്നീര്‍ക്കര വില്ലേജുകളിലെ ഡ്രോണ്‍ സര്‍വേ ഈ മാസം ഏഴിന് ആരംഭിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റീസര്‍വേ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ജില്ലയിലെ ഡിജിറ്റല്‍ റിസര്‍വേ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമായ രീതിയിലാണ് പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടര്‍  പറഞ്ഞു.

ജില്ലയിലെ നാല് വില്ലേജുകളിലാണ് ഡ്രോണ്‍ സര്‍വേ നടക്കുന്നത്. ഓമല്ലൂര്‍ വില്ലേജിലെ സര്‍വേ ഫെബ്രുവരിയില്‍ പൂര്‍ത്തിയായിരുന്നു. കണ്ടിന്യൂവസിലി ഓപ്പറേറ്റിംഗ് റഫറന്‍സ് സിസ്റ്റം (കോര്‍സ്)  സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നതായും യോഗം വിലയിരുത്തി. സര്‍വേ ജോലികള്‍ ത്വരിതപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യയായ കോര്‍സ് സ്‌റ്റേഷന്‍ ജില്ലയില്‍ രണ്ടിടത്താണ് സ്ഥാപിക്കുന്നത്.

തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന സൂചനാ കേന്ദ്രങ്ങളാണ് കോര്‍സ് സ്‌റ്റേഷനുകള്‍. കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിലെ കോര്‍സ് സ്റ്റേഷന്‍ നിര്‍മാണം പുരോഗമിക്കുന്നതായും ഗവി വനമേഖലയിലെ കൊച്ചുപമ്പയില്‍ സ്ഥലനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.ബി. സിന്ധു യോഗത്തില്‍ അറിയിച്ചു.

ആദ്യ ഘട്ടത്തില്‍ റീസര്‍വേ നടക്കുന്ന കോഴഞ്ചേരി, റാന്നി, കോന്നി താലൂക്കുകളിലെ 12 വില്ലേജ് ഓഫീസര്‍മാര്‍ക്കായി ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. സര്‍വേ ഉദ്യോഗസ്ഥരും തഹസില്‍ദാര്‍മാരും യോഗത്തില്‍ പങ്കെടുത്തു.