പഞ്ചായത്തുകൾ തോറും സ്പോട്സ് കൗൺസിൽ രൂപീകരിക്കുമെന്ന്
കായിക മന്ത്രി വി.അബ്ദുറഹ്മാന്‍.
കായിക രംഗത്തിന്റെ സമ്പൂർണ്ണ ഉന്നമനം ലക്ഷ്യമിട്ട് പഞ്ചായത്തുകൾ തോറും സ്പോട്സ് കൗൺസിലുകൾ രൂപീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍. എറണാകുളം ജില്ലയിലെ പാലക്കുഴ ഗവണ്‍മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ടർഫ് കോർട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റുമാർ ആയിരിക്കും സ്പോർട്സ് കൗൺസിലുകളുടെ പ്രസിഡന്റുമാരെന്നും ഓരോ പ്രദേശത്ത് നിന്നും രജിസ്റ്റർ ചെയ്യുന്ന ക്ലബുകൾക്കായിരിക്കും കൗൺസിലുകളിൽ അംഗത്വം നൽകുക എന്നും മന്ത്രി വ്യക്തമാക്കി.
മുഴുവൻ പഞ്ചായത്തുകളിലും കളിക്കളങ്ങൾ സ്ഥാപിക്കുമെന്നും ഫിഫയുമായി സഹകരിച്ച് അഞ്ച് ലക്ഷം കുട്ടികൾക്ക് പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പുതിയ കായിക നയം തയ്യാറാക്കുമെന്നും ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലുള്ള കുട്ടികൾക്കായി കരിക്കുലത്തിൽ സ്പോർട്സ് പാഠ്യവിഷയം ആക്കുന്നതിനുള്ള നടപടി പൂർത്തിയായി വരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. പാലക്കുഴ ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങില്‍ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു.പാലക്കുഴ പഞ്ചായത്തിൻ്റെ കായിക സ്വപ്നങ്ങൾക്ക് മിഴിവേകുന്ന പദ്ധതി ജില്ലാ പഞ്ചായത്തിൻ്റെ 2021 – 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 42.5 ലക്ഷം രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. നാളെയുടെ കായിക താരങ്ങളെ വാർത്തെടുക്കുന്നതിനായി എറണാകുളം ജില്ലാ പഞ്ചായത്ത് സർക്കാർ സ്കൂളുകൾക്ക് അനുവദിച്ച ടർഫ് കോർട്ടുകളിൽ ആദ്യത്തേതാണ് ഇത്.