ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി പൊതുജനങ്ങൾക്ക് അതിവേഗ സേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിലാണു ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം വകുപ്പുതല യോഗങ്ങൾ സംഘടിപ്പിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ടു വകുപ്പുതലത്തിൽ നൽകുന്ന നിർദേശങ്ങൾ വളച്ചൊടിച്ചു മോശമായി ചിത്രീകരിക്കുന്നത് അപലപനീയമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
വരുന്ന ഓഗസ്റ്റോടെ ആരോഗ്യ വകുപ്പിൽ പൂർണമായും ഇ-ഗവേണൻസ് നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ ഡയറക്ടറേറ്റുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇ-ഓഫിസ്, സ്പാർക്ക് വഴിയുള്ള ജീവനക്കാര്യം, പഞ്ചിങ്, ഓൺലൈൻ സ്ഥലംമാറ്റം, സ്ഥാനക്കയറ്റം, സീനിയോരിറ്റി പട്ടിക തയാറാക്കൽ, അവധി ക്രമപ്പെടുത്തൽ തുടങ്ങിയവ നടപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ജീവനക്കാരുടെ പരാതികൾ, അതുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങൾ തുടങ്ങിയവ ലഘൂകരിക്കുന്നതിനുള്ള വകുപ്പുതല നിർദേശങ്ങളും ഇതിന്റെ ഭാഗമായി നൽകുന്നുണ്ട്. ജീവനക്കാരുടെ പ്രവർത്തനവീര്യം കെടുത്തുന്ന യാതൊരു നിർദേശങ്ങളും ഇതിന്റെ ഭാഗമായി നൽകിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അഭിപ്രായവും ആരായേണ്ടതായിരുന്നു.
ലോകാരോഗ്യ സംഘടനയുടേയും കേന്ദ്ര സർക്കാരിന്റേയും പ്രശംസകൾ നിരന്തരം ലഭിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ വകുപ്പ് നിപ്പ, കോവിഡ് തുടങ്ങിയ പകർച്ചവ്യാധികളെ പിടിച്ചുകെട്ടിയും ആർദ്രം പദ്ധതിയിലൂടെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി മികച്ച ആരോഗ്യ സേവനങ്ങൾ ജനങ്ങൾക്കു ലഭ്യമാക്കുകയുമാണ്. കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടുന്നതിനു സംസ്ഥാനം സ്വീകരിച്ച നടപടികളെ രാജ്യസഭാസമിതി പ്രശംസിച്ച കാര്യവും വകുപ്പ് ചൂണ്ടിക്കാട്ടി.