മഴയെ തുടര്‍ന്ന് പ്രക്ഷുബ്ധമാവുന്ന കടല്‍, ഡാം മുതലായ ഇടങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്കുളള പ്രവേശനം അനുവദിക്കരുതെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ നിര്‍ദേശിച്ചു. ജില്ലയിലെ ഡാമുകളുടെ പരിസരത്തുനിന്നു ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട അവസ്ഥയില്ലെന്നും ചേംബറില്‍ നടന്ന ജില്ലാ ദുരന്തനിവാരണ അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ കടലേറ്റമുള്ള ഭാഗങ്ങള്‍, ഡാം പരിസരങ്ങള്‍ മുതലായ പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് കര്‍ശന പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തും. ഇതിനായി പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ബന്ധപ്പെട്ടവരോട് കളക്ടര്‍ നിര്‍ദ്ദേശിച്ചു.
ജില്ലയിലെ കടലോര പ്രദേശങ്ങളില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനായി ഈ പ്രദേശങ്ങളില്‍ 100 മീറ്റര്‍ പരിധിയില്‍ ദുരിതാശ്വാസ ക്യാമ്പ് സജ്ജമാക്കും. വെള്ളപ്പൊക്കമുണ്ടാവുന്ന പ്രദേശങ്ങളിലെ റോഡുകള്‍ അടച്ച് ഗതാഗതം മാറ്റും. ഇത്തരം പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ മൈക്ക് അനൗണ്‍സ്മെന്‍റുകള്‍ നടത്തി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കും. ഈ പ്രദേശങ്ങളിലെ സ്കൂളുകള്‍ക്ക് പ്രത്യേക കരുതല്‍ നല്‍കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. യോഗത്തില്‍ എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസാദിനി മോഹനന്‍, കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ കെ.വി.തോമസ്, ഹോമിയോ വിഭാഗം ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.വി.കെ. മിനി, തൃശൂര്‍ റൂറല്‍ എസ്.ഐ. എ.വി.ഡേവിസ്, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
