അതിവേഗത്തിൽ മോഷ്ടാവിനെ പിന്തുടർന്ന് കീഴ്പ്പെടുത്തുന്ന പോലീസ് നായ, ഒളിപ്പിച്ചുവെച്ച സ്‌ഫോടകവസ്തുക്കളും മയക്കുമരുന്നും കണ്ടെത്തി കാണികളെ അതിശയിപ്പിച്ചു മറ്റു ചില ശ്വാനന്മാർ. കണ്ണൂരിലെ പോലീസ് ഗ്രൗണ്ടിൽ നടക്കുന്ന എന്റെ കേരളം എക്‌സിബിഷനിൽ ശ്രദ്ധേയമാവുകയാണ് പോലീസ് നായ്ക്കളുടെ അഭ്യാസ പ്രകടനം.
ലാബ്രഡോർ, ഭ്യൂഗിൾ, ബെൽജിയം മേൽനോയിസ് എന്നീ ഇനങ്ങളിൽപ്പെട്ട എട്ടു പോലീസ് നായ്ക്കളാണ് പ്രദര്ശനത്തിലുള്ളത്. എല്ലാ ദിവസവും വൈകുന്നേരമാണ് അഭ്യാസപ്രകടനങ്ങൾ ഒരുക്കിയിരിക്കുന്നത്. മോഷ്ട്ടാക്കളെ പിന്തുടർന്ന് പിടികൂടുന്നതിലും സ്‌ഫോടകവസ്തുക്കളും മയക്കുമരുന്നും മറ്റും കണ്ടെത്തുന്നതിലും പരിശീലനം ലഭിച്ചവയാണ് കെ9 സ്‌ക്വാഡിലെ ഓരോ നായയും. ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുന്നതിനുള്ള വിദഗ്ധ പരിശീലനവും ഇവയ്ക്കു നൽകിയിട്ടുണ്ട്.
ചിട്ടയായി ലഭിച്ച ഒബീഡിയൻസ് ട്രെയിനിംഗിലൂടെ സ്വായത്തമാക്കിയ പാഠങ്ങൾ പരിശീലകരുടെ കമാന്റിനനുസരിച്ചു കാണിച്ചു കാണികളെ അതിശയിപ്പിക്കുകയാണ് പോലീസിന്റെ അഭിമാനമായ ശ്വാന സേന. അടിയന്തിര സാഹചര്യങ്ങളിൽ ഫയർ ജംപ് ഉൾപ്പെടെ നടത്തി രക്ഷാപ്രവർത്തനങ്ങളിൽ പോലീസിനൊപ്പം പ്രവർത്തിക്കുന്നതിനും ഇവർക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. അഗ്നി വളയങ്ങളിലൂടെ അനായാസം ചാടിക്കടന്ന് ലക്ഷ്യസ്ഥാനത്തെത്തുന്ന ശൗര്യമേറിയ ശ്വാനവീരന്മാരുടെ പ്രകടനവും ഒരുക്കിയിട്ടുണ്ട്. ശത്രുക്കൾ നൽകുന്ന വിശാംശം കലർന്ന ഭക്ഷ്യവസ്തുക്കൾ ബുദ്ധിപൂർവ്വം തിരസ്കരിക്കുന്നതും ഇവിടെ കാണാം.
കോട്ടയം, എറണാകുളം സിറ്റി, തൃശൂർ സിറ്റി, മലപ്പുറം, കണ്ണൂർ റൂറൽ, വയനാട് എന്നീ പോലീസ് ജില്ലകളിൽ നിന്നുള്ള പോലീസ് നായ്ക്കളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. റിസേർവ് സബ് ഇൻസ്‌പെക്ടർമാരായ ശശിധരൻ ഡി, സനിൽകുമാർ ഡി, എന്നിവരുടെ നേതൃത്വത്തിലുള്ള 27 അംഗ പോലീസ് സംഘമാണ് ശ്വാന പ്രദർശനം നടത്തുന്നത്. കണ്ണൂർ സിറ്റി കെ9 സ്‌ക്വാഡിനാണ് ഏകോപന ചുമതല.