കേരള ബാങ്ക് ധനസഹായത്തോടെ ബ്രഹ്‌മഗിരി നടപ്പിലാക്കുന്ന കേരള ചിക്കന്‍ പദ്ധതി വിപുലീകരണത്തിനായി പഞ്ചായത്തടിസ്ഥാനത്തില്‍ അപേക്ഷ സ്വീകരിക്കാന്‍ ധാരണയായി. പദ്ധതി നടത്തിപ്പിന് വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുന്നതിനായി ജില്ലാ കളക്ടര്‍ എ.ഗീതയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പദ്ധതി മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ ബ്രഹ്‌മഗിരിയെ യോഗം ചുമതലപ്പെടുത്തി.
വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ 2000 കോഴിഫാമുകള്‍ തുടങ്ങുന്നതിനായി കേരള ബാങ്ക് 51 കോടി വായ്പ അനുവദിച്ചിട്ടുണ്ട്. 1000 കോഴികളുള്ള 1000 ഫാമുകള്‍ തുടങ്ങുന്നതിന് ഈടില്ലാതെ ഏഴ് ശതമാനം പലിശ നിരക്കില്‍ 1.5 ലക്ഷവും 2000 കോഴികളുള്ള 700 ഫാമുകള്‍ക്ക് ഈടോടുകൂടി ഏഴ് ശതമാനം പലിശ നിരക്കില്‍ മൂന്ന് ലക്ഷവും 3000 കോഴികളുള്ള 300 ഫാമുകള്‍ക്ക് 8.5% പലിശ നിരക്കില്‍ 5 ലക്ഷവും വായ്പ നല്‍കും. കിസാന്‍ ക്രഡിറ്റ് കാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃത്യമായി പലിശ സഹിതം തിരിച്ചടക്കുന്നവര്‍ക്ക് 3 ലക്ഷം രൂപവരെയുള്ള വായ്പക്ക് മൂന്ന് ശതമാനം പലിശ ഇന്‍സെന്റീവ് ലഭിക്കും.
ജില്ലാ പ്ലാനില്‍ ഉള്‍പ്പെടുത്തി ഫാമില്ലാത്ത കര്‍ഷകര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ ഫാം നിര്‍മ്മിച്ചു നല്‍കാനും അര്‍ഹരായവര്‍ക്ക് സബ്‌സിഡി നല്‍കാനുമുള്ള നിര്‍ദേശങ്ങള്‍ ജില്ലാ പ്ലാനിംഗ് സമിതിയുടെ അംഗീകാരത്തിന് നല്‍കും. സുഗന്ധഗിരി പദ്ധതിയില്‍ കേരള ചിക്കന്‍, മലബാര്‍ മീറ്റ് പദ്ധതികളെക്കൂടി ഉള്‍പ്പെടുത്തി വിശദമായ പദ്ധതി ആവിഷ്‌കരിക്കാന്‍ ഐ.റ്റി.ഡി.പി പ്രോഗ്രാം ഓഫീസറേയും ബ്രഹ്‌മഗിരിയേയും യോഗം ചുമതലപ്പെടുത്തി.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം സുരേഷ് താളൂര്‍, എ.ഡി.എം എന്‍.ഐ ഷാജു ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍.മണിലാല്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.കെ.കെ ബേബി, നബാര്‍ഡ് എ.ജി.എം വി ജിഷ , തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി. ജയരാജന്‍, ഐ.റ്റി.ഡി.പി പ്രോഗ്രാം ഓഫീസര്‍ കെ.സി. ചെറിയാന്‍, കേരള ബാങ്ക് മാനേജര്‍ നവനീത്കുമാര്‍, ബ്രഹ്‌മഗിരി ചെയര്‍മാന്‍ പി.കൃഷ്ണപ്രസാദ്, ബ്രഹ്‌മഗിരി ഡയറക്ടര്‍ ബോര്‍ഡ് അംഗം പി.കെ.സുരേഷ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.എസ് ബാബുരാജ്, ബ്രഹ്‌മഗിരി ഫാര്‍മേഴ്‌സ് സൊസൈറ്റി സെക്രട്ടറി ടി.ബി.സുരേഷ്, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.