ഇടുക്കി ജില്ലാ ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തില്‍ വിപുലമായ പരിപാടികളോടെ ലോകാരോഗ്യ ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി കുയിലിമലയില്‍ സംഘടിപ്പിച്ച കൂട്ട നടത്തം ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസ്വാമി ഫ്ലാഗ് ഓഫ് ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കളക്ടറേറ്റ് കോമ്പൗണ്ടില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് വൃക്ഷത്തൈ നട്ടു. ആരോഗ്യ ദിനാചരണ സന്ദേശം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് നല്‍കി. പ്രകൃതി സംരക്ഷണ പ്രതിജ്ഞ ഡിഎസ്ഒ ഡോ. സുഷമ പി.കെ ചൊല്ലിക്കൊടുത്തു.
ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ പ്രക്യതി സംരക്ഷണ ബോധവത്ക്കരണ പരിപാടികള്‍ നടത്തി. പ്രകൃതിസംരക്ഷണവും, ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി ആരോഗ്യ വകുപ്പിലെ മാസ് മീഡിയാ വിഭാഗത്തിന്റെ നേത്യത്വത്തില്‍ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന ബോധവത്ക്കരണ ക്യാമ്പെയിനും ആരംഭിച്ചു. കുട്ടിക്കാനം മരിയന്‍ കോളേജിലെ എംഎസ്ഡബ്ലു വിദ്യാര്‍ത്ഥികള്‍ എന്റെ ഭൂമി എന്റെ ആരോഗ്യം എന്ന വിഷയത്തെ കുറിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസറുമായി സംവദിച്ചു. പരിപാടിയില്‍ 60 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.