15 വയസ്സുക്കാര്‍ മുതല്‍ 94 വയസായ തായുഅമ്മ വരെ

തൊണ്ണൂറ്റിനാലു വയസിന്റെ ചുറുചുറുക്കില്‍ തായുഅമ്മ പരീക്ഷയെഴുതി. അക്ഷരങ്ങളുടെ ലോകത്തേക്കുള്ള അക്ഷരലക്ഷം പരീക്ഷ. ജില്ലയില്‍ 11356 പേര്‍ എഴുതിയ പരീക്ഷയില്‍ ഏറ്റവും പ്രായം കൂടിയ ആളാണ് തായുഅമ്മ. പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലെ പരീക്ഷാകേന്ദ്രത്തിലാണ് തായുഅമ്മ പരീക്ഷ എഴുതിയത്. ജില്ലയിലെ അക്ഷരലക്ഷം പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം പഠിതാക്കള്‍ക്ക് ആദ്യ ചോദ്യപേപ്പര്‍ നല്‍കി ജില്ലാ പഞ്ചായത്തംഗം നാരായണിക്കുട്ടി (സന്ധ്യ) നിര്‍വഹിച്ചു. വാണിയംകുളം ആശദീപം സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തംഗം പി.ഹരിദാസ് അധ്യക്ഷനായി. ഭിന്നശേഷിക്കാരായ 46 പഠിതാക്കളാണ് ഇവിടെ പരീക്ഷ എഴുതിയത്.
ജില്ലയിലെ 263 പരീക്ഷ കേന്ദ്രങ്ങളിലായി 11356 പേരാണ് പരീക്ഷ എഴുതിയത്. 8319 സ്ത്രീകളും 3037 പുരുഷന്‍മാരും. ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതിയത് കുഴല്‍മന്ദം ബ്ലോക്കിലാണ്. 3371 പേര്‍ ഇവിടെ പരീക്ഷ എഴുതി. 60 വയസിനു മേല്‍ പ്രായമുള്ള 1931 പേര്‍ ജില്ലയില്‍ ഇത്തവണ അക്ഷരലക്ഷം പരീക്ഷ എഴുതി. ഒറ്റപ്പാലം നഗരസഭയിലെ പനമണ്ണ പരീക്ഷാകേന്ദ്രത്തിലെ റംസിയയും ലക്ഷ്മിയുമാണ് ഏറ്റവും പ്രായം കുറഞ്ഞവര്‍ (22 വയസ്സ്). ജില്ലയിലെ 418 പഠനകേന്ദ്രങ്ങളിലായാണ് പഠിതാക്കള്‍ പഠനം നടത്തിയിരുന്നത്.
സംസ്ഥാനം സമ്പൂര്‍ണ സാക്ഷരത നേടിയെങ്കിലും തുടര്‍ച്ചയായ എഴുത്തും വായനയും ഇല്ലാത്തതു മൂലമോ മറ്റു കാരണങ്ങളാലോ അക്ഷരങ്ങള്‍ മറന്നു പോയവരേയും അക്ഷരമറിയാത്തവരേയും അക്ഷരം പഠിപ്പിക്കുന്നിതിനുള്ള സംസ്ഥാന സാക്ഷരതാ മിഷന്റെ പദ്ധതിയാണ് അക്ഷരലക്ഷം. 15 വയസ്സുമുതല്‍ ആര്‍ക്കും പരീക്ഷയെഴുതാം. ഉയര്‍ന്ന പ്രായപരിധിയില്ല. 40 മാര്‍ക്കിന്റെ എഴുത്തു പരീക്ഷ, 30 വാര്‍ക്കിന്റെ വായനപരിശോധന, 30 മാര്‍ക്കിന്റെ കണക്ക് എന്നിവയാണ് പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജയിക്കാന്‍ ആവശ്യമായ മിനിമം മാര്‍ക്ക് 30 ആണ്. സംസ്ഥാന സാക്ഷരതാ മിഷന്‍ തയ്യാറാക്കിയ പുതിയ പാഠപുസ്തകം ഉപയോഗിച്ചുള്ള ആദ്യപരീക്ഷകൂടിയാണിത്.
ജില്ലാ കോഡിനേറ്റര്‍ പി.എം.അബ്ദുള്‍ കരീം, അസിസ്റ്റന്റ് കോഡിനേറ്റര്‍മാരായ പി.വി.പാര്‍വതി, എം.മുഹമ്മദ് ബഷീര്‍, വാണിയംകുളം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയപ്രദ, പഞ്ചായത്തംഗം അനിത, നോഡല്‍ പ്രേരക്മാരായ സന്ധ്യ.എസ്.കെ.നായര്‍, ടി.പി.പ്രദീപ് കുമാര്‍, ആശാദീപം സ്‌കൂള്‍ പ്രധാനധ്യാപിക സിസ്റ്റര്‍ ലീമ എന്നിവര്‍ പങ്കെടുത്തു.

വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ അക്ഷരലക്ഷം പരീക്ഷ എഴുതുന്നവര്‍