നഗരത്തിലെ കൂടുതല്‍ പഴക്കമുള്ള കെട്ടിടങ്ങളുടെ കണക്കെടുക്കുകയും ഇക്കാര്യം ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍ പെടുത്തുകയും മുനിസിപ്പല്‍ സെക്രട്ടറിക്ക് കത്തു നല്‍കുകയും ചെയ്യുമെന്ന് താലൂക്ക് വികസന സമിതി. മുനിസിപ്പല്‍ ബസ്സ്റ്റാന്റിനടുത്ത് പഴയ കെട്ടിടം തകര്‍ന്നു വീണ സംഭവത്തില്‍ സംയോജിതമായി രക്ഷാ പ്രവര്‍ത്തനം നടത്തിയ ഫയര്‍ ആന്‍ഡ് റസ്‌ക്യു, പോലീസ്, ജില്ലാ ആശുപത്രി, എന്‍.ഡി.ആര്‍.എഫ്, മറ്റു വകുപ്പുകള്‍ എന്നിവരെ യോഗത്തില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അഭിനന്ദിച്ചു. പാലക്കാട് നിയോജകമണ്ഡലത്തിലെ പല റോഡുകളുടേയും അവസ്ഥ ശോചനീയമാണെന്നും ഇവ നന്നാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഷാഫി പറമ്പില്‍ എം.എല്‍.എ പി.ഡബ്ല്യു.ഡി റോഡ്‌സ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മഴക്കാലരോഗങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നഗരത്തിലെ ഭക്ഷണശാലകളിലും പഴക്കടകളിലും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്താന്‍ താലൂക്ക് വികസനസമിതി യോഗം തീരുമാനിച്ചു. പുകയില ഉല്‍പന്നങ്ങള്‍ വ്യാപകമായി വില്‍ക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് വില്‍പന നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എക്‌സൈസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കാനും യോഗത്തില്‍ തീരുമാനമായി. പെരുവെമ്പ് ഗ്രാമപഞ്ചായത്തിലെ പ്രഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പദ്ധതി പൂര്‍ത്തീകരണം വേഗത്തിലാക്കുക, കേരളശ്ശേരി പൊറ്റയില്‍പ്പടി അംഗന്‍വാടി നിര്‍മ്മിക്കുക എന്നീ ആവശ്യങ്ങള്‍ക്ക് പി.ഡബ്ല്യു.ഡി ബില്‍ഡിംഗ്‌സിന്റെ സേവനം ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പാലക്കാട് തഹസില്‍ദാര്‍ വി.വിശാലാക്ഷി, പാലക്കാട് തബസില്‍ദാര്‍(ഭൂരേഖ) ആനിയമ്മ വര്‍ഗീസ്.കെ, ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാര്‍, താലൂക്ക്തല ഉദ്യോഗസ്ഥര്‍, വകുപ്പു മേധാവികള്‍, വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
