ജില്ലയ്ക്ക് പ്രാധാന്യമുള്ള പദ്ധതികള്‍ ഏറ്റെടുത്ത് ഈ വര്‍ഷം തുടക്കം മുതലേ നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സാധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍. പ്രാദേശിക പദ്ധതികളുടെ അറിവുള്ളടക്കവും സാങ്കേതിക മികവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച ജില്ലാ റിസോഴ്‌സ് സെന്ററിന്റെ ആദ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.ആസൂത്രണ രംഗത്ത് മികവുറ്റ പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുള്ള റിസോഴ്‌സ് സെന്റര്‍ അംഗങ്ങള്‍ക്ക് ജില്ലയിലെ പദ്ധതി പ്രവര്‍ത്തനങ്ങളെ ഏറെ സഹായിക്കാന്‍ കഴിയുമെന്നും പ്രസിഡന്റ് പറഞ്ഞു. പൊതുവായ മാര്‍ഗനിര്‍ദേശം അല്ലാതെ നിലവിലെ പ്രക്രിയകളിലെ പാളിച്ചകള്‍ കണ്ടെത്തി പുതിയ പ്രോജക്ടുകള്‍ ക്രിയാത്മകമായും കാര്യക്ഷമമായും എങ്ങനെ നടപ്പാക്കും എന്ന മാര്‍ഗ നിര്‍ദേശമാണ്  ജില്ലാ റിസോഴ്‌സ് സെന്ററില്‍ നിന്ന് ലഭിക്കേണ്ടത് എന്ന് ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.7 അംഗങ്ങള്‍ അടങ്ങിയ ഒമ്പത് ഉപസമിതികളാണ് ജില്ലാ റിസോഴ്‌സ് സെന്ററില്‍ ഉള്ളത്.

കൃഷി, മത്സ്യക്കൃഷി, ജലസേചനം, മൃഗസംരക്ഷണം, ക്ഷീര വികസനം, വ്യവസായം, ഊര്‍ജം, വിനോദ സഞ്ചാരം, വനിതാ ശിശുക്ഷേമം, സാമൂഹ്യക്ഷേമം, സാമൂഹ്യ നീതി, വിദ്യാഭ്യാസം, കല, സംസ്‌കാരം, സ്‌പോര്‍ട്‌സ്, ആരോഗ്യം, ശുചിത്വം, മാലിന്യ സംസ്‌കരണം, കുടിവെള്ളം, പശ്ചാത്തല വികസനം – റോഡ് നിര്‍മാണം, ദുരന്ത നിവാരണം, ജൈവ വൈവിധ്യം, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, നദീസംരക്ഷണം, പട്ടികജാതി പട്ടികവര്‍ഗ വികസനം എന്നീ വിഷയങ്ങളിലാണ് ഉപസമിതി രൂപീകരിച്ചിരിക്കുന്നത്. ജില്ലാ ആസൂത്രണ സമിതി ആവശ്യപ്പെടുന്ന വിഷയങ്ങളിലും മേഖലകളിലും വിശദമായ പഠനം നടത്തുക, സാങ്കേതിക ഉപദേശം നല്‍കുക, മാതൃകാ പ്രോജക്ടുകള്‍ കണ്ടെത്തി പഠന വിധേയമാക്കുക, സ്ഥിതിവിവര കണക്കുകള്‍ ക്രോഡീകരിക്കുക തുടങ്ങിയവയാണ് ജില്ലാ റിസോഴ്‌സ് സെന്ററിന്റെ ചുമതലകള്‍. ഉപസമിതികള്‍ കൂടി നൂതനമായ ആശയങ്ങള്‍ ഈ മാസം 20 ന് മുമ്പ് അറിയിക്കാനും തീരുമാനിച്ചു..