മണ്ണുത്തി – എടക്കുന്നി റോഡിന്റെ ടാറിംഗ് ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവൃത്തികല്‍ മെയ് 20നകം പൂര്‍ത്തീകരിക്കാന്‍ റവന്യൂ മന്ത്രി കെ രാജന്‍ ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് മന്ത്രി വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും അടിയന്തര യോഗത്തിലാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. റോഡിന്റെ നടത്തറ ഹൈവേ മുതല്‍ കുട്ടനെല്ലൂര്‍ ജംഗ്ഷന്‍ വരെയുള്ള അഞ്ച് കിലോമീറ്റര്‍ ഭാഗത്ത് ഏപ്രില്‍ 20നകം ടാറിംഗ് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
മാര്‍ച്ച് 31നകം റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന മുന്‍ തീരുമാനം പാലിക്കുന്നതില്‍ കരാര്‍ കമ്പനി വീഴ്ച വരുത്തുകയും കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ റോഡില്‍ വെള്ളം കെട്ടിക്കിടന്ന് ഗതാഗതം ദുരിതപൂര്‍ണമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് മന്ത്രി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം വിളിച്ചു ചേര്‍ത്തത്.
സമയ ബന്ധിതമായി റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാത്ത പക്ഷം കരാറുകാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി കരാര്‍ റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇതിനു മുന്നോടിയായി കരാറുകാരന് നോട്ടീസ് നല്‍കാനും യോഗം തീരുമാനിച്ചു. ജനങ്ങള്‍ക്ക് മികച്ച ഗതാഗത സൗകര്യമൊരുക്കുന്നതിനു വേണ്ടിയാണ് 32 കോടിയിലേറെ രൂപ ചെലവില്‍ കിഫ്ബി മുഖേന റോഡ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ പദ്ധതി ആവിഷ്‌ക്കരിച്ചത്. റോഡ് നിര്‍മാണത്തിന്റെ പേരില്‍ ജനജീവിതം ദുരിതപൂര്‍ണമാക്കുന്ന നടപടി ആരുടെ ഭാഗത്തുനിന്നായാലും അംഗീകരിക്കാനാവില്ല. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഏപ്രില്‍ നാലിന് റോഡ് നിര്‍മാണം പുനരാരംഭിക്കാമെന്ന് വാക്ക് നല്‍കിയ കരാറുകാരന്‍ ഉറപ്പു പാലിക്കാതിരുന്നത് ഗുരുതരമായ വീഴ്ചയായി മാത്രമേ കാണാനാവൂ എന്നും മന്ത്രി പറഞ്ഞു.
കേരള വാട്ടര്‍ അതോറിറ്റിയുടെ ജല വിതരണ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നത് അടക്കമുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാനും യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്ന സമയത്തു തന്നെ പടവരാട് മുതല്‍ കേശവപ്പടി വരെയുള്ള ബാക്കി ഭാഗങ്ങളില്‍ സമാന്തരമായി നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തണം. ഇതിനായി കരാര്‍ കമ്പനി കൂടുതല്‍ തൊഴിലാളികളെയും യന്ത്രങ്ങളും സജ്ജീകരിക്കണം. മെയ് 20 വരെയുള്ള റോഡ് നിര്‍മാണത്തിന്റെ വിശദമായ രൂപരേഖ അടിയന്തരമായി സമര്‍പ്പിക്കാനും ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.
കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ ശ്യാമള വേണുഗോപാല്‍, നീതു ദിലീഷ്, കരോളിന്‍ ജെറിഷ്, പഞ്ചായത്ത് അംഗം എന്‍ ജി സനോജ്, കെആര്‍എഫ്ബി ചീഫ് എഞ്ചിനീയര്‍ ഡാര്‍ലിന്‍ ഡിക്രൂസ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി എസ് മനീഷ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ ഐ സജിത്ത്, അസിസ്റ്റന്റ് എഞ്ചിനീയര്‍ മാത്ത്‌സണ്‍ മാത്യു, വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ജെ സുനില്‍, ഒല്ലൂര്‍ സി ഐ ബെന്നി ജേക്കബ്, പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥര്‍, കരാറുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.