രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കേരള ഫോക്‌ലോർ അക്കാഡമിയുടെ നേതൃത്വത്തിൽ നടത്തിയ ഗോത്രായനം പരിപാടി ജനശ്രദ്ധനേടി.
അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ പാട്ടുപാടി പ്രശസ്തയായ നഞ്ചിയമ്മയുടെ നേതൃത്വത്തിലാണ് വിവിധ ഗോത്ര വിഭാഗങ്ങളുടെ വംശീയ ഗീതങ്ങളും ഗാനങ്ങളും അവതരിപ്പിച്ചത്. സ്വദസിദ്ധമായ ചിരിയുമായി നഞ്ചിയമ്മ പാടി തുടങ്ങിയതോടെ പ്രേക്ഷകര്‍ അവേശത്തിലായി. ലിപി പോലുമില്ലാത്ത ഗോത്ര ഭാഷയിലെ ഗാനങ്ങളാണ് കാതുകള്‍ക്ക് ഇമ്പമേകിയത്.
ഒരുകാലത്ത് അട്ടപ്പാടി ഊരുകളില്‍ നിറഞ്ഞ് നിന്ന ഇരുള നൃത്തം പഴനി സ്വാമിയുടെ നേതൃത്വത്തില്‍ വേദിയിലെത്തിയതോടെ അതൊരു സംസ്‌കാരത്തിന്റെ ആടയാളമായി ഏവരും ഏറ്റെടുത്തു. പൊറ, ദവി, കൊഗല്‍, ജല്‍ട്ര എന്നീ വാദ്യോപകരണങ്ങളുടെ താളത്തിനൊപ്പമാണ് ഇരുള നൃത്തം ചവിട്ടിയത്. മാവിലന്‍, മലവേട്ടുവന്‍ സമുദായങ്ങളുടെ ഇടയിലുള്ള സംഗീത നൃത്ത രൂപമായ മംഗലം കളിയും വടി നൃത്തവും പുതുമയുള്ള കാഴ്ച്ചയായി. സ്ത്രീകളും പുരുഷന്‍മാരും പാട്ടിനും തുടിയുടെ താളത്തിനുമൊപ്പം നൃത്തം ചവിട്ടിയപ്പോള്‍ പ്രേക്ഷകര്‍ കൈയ്യടിച്ച് ഒപ്പം കൂടി. പിന്നാലെ സമൂഹനൃത്തമായ മുടിയാട്ടവുമായി യുവതികളും ബാലികമാരും എത്തി. കാര്‍ഷിക സംസ്‌കാരത്തിന്റെ നേര്‍സാക്ഷ്യമായ എരുത് കളി തുടക്കം മുതല്‍ ഒടുക്കം വരെ കൗതുകത്തോടെയാണ് പലരും കണ്ടത്. അണിയിച്ചൊരുക്കിയ കാളയുടെ രൂപം ചുമന്ന് ചിലങ്ക കെട്ടിയവര്‍ ആടുന്നതാണ് മാവില സമുദായത്തിന്റെ ഈ കലാരൂപം. പൈതൃക ഗോത്ര വാദ്യോപകരണമായ മുളം ചെണ്ടയുടെ താളം ആസ്വദിക്കാനുള്ള അവസരവും സംഘം ഒരുക്കി. അട്ടപ്പാടി ആസാദ് കലാസമിതി, കാസര്‍ക്കോട് ഗോത്ര പെരുമ എന്നിവയുടെ 60ഓളം കലാകാരന്‍മാര്‍ ചേര്‍ന്ന് അവതരിപ്പിച്ച പരിപാടിക്ക് കെ വി കാവ്യ, പി രതീഷ്, എച്ച് അനീഷ്, മാധവന്‍ കൊട്ടോടി തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്.
തിങ്കളാഴ്ച വൈകീട്ട് 6 മണിക്ക് കെ പി എ സിയുടെ നാടകം ‘മരത്തന്‍ 1892’ അരങ്ങേറും. പത്തൊന്‍പതാം നൂറ്റാണ്ടില്‍ കണ്ണൂര്‍ സ്വദേശി പോത്തേരി കുഞ്ഞമ്പു രചിച്ച സരസ്വതീ വിജയം എന്ന നോവലിനെ ആധാരമാക്കിയുള്ളതാണ് ഈ നാടകം. സുരേഷ് ബാബു ശ്രീസ്ഥയുടെ രചനയില്‍ മനോജ് നാരായണനാണ് സംവിധാനം നിര്‍വ്വഹിച്ചത്.
