സംസ്ഥാന സർക്കാരിന്റെ ആർദ്ര കേരളം പുരസ്കാരത്തിൽ രണ്ടാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്തായ കീഴ്മാടിലെ പ്രവർത്തനങ്ങളെപ്പറ്റി സംസാരിക്കുകയാണ് പ്രസിഡന്റ് സതി ലാലു 
കാർഷിക മേഖല
കാർഷിക മേഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ വീടുകളിലും ജൈവ പച്ചക്കറിക്കൃഷി നടത്തുന്നു. കൂടാതെ ഏത്തവാഴ കൃഷി ആരംഭിക്കുകയും വിപണി കണ്ടെത്തുകയും വിപണന സൗകര്യം ഉറപ്പുവരുത്തുകയും ചെയ്തു. 70 ഏക്കർ തരിശുഭൂമിയിൽ നെൽകൃഷി ചെയ്ത് ലഭിച്ച വിളവ് പഞ്ചായത്തിന്റെ പേരിൽ തന്നെ വിപണനം ചെയ്തു.
കാർഷിക മേഖലയിൽ തൊഴിലുറപ്പ് പദ്ധതിയുടെ പങ്കാളിത്തത്തോടെ തരിശുഭൂമി പാട്ടത്തിനെടുത്ത് കൃഷി വ്യാപിപ്പിക്കാനായി. കൂടാതെ പാരമ്പര്യ ജലസ്രോതസുകൾ സംരക്ഷിക്കുന്നതിനും തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഉറപ്പുവരുത്തുന്നു. നൂറ് തൊഴിൽ ദിനങ്ങൾ ലഭ്യമാക്കി.
കോവിഡ് പ്രതിരോധത്തിലൂടെ
രണ്ടാം തരംഗത്തിന്റെ ആരംഭത്തിലാണ് ഭരണസമിതി അധികാരമേറ്റത്. നൂറ് കിടക്കകളുള്ള ഡി.സി.സി ആരംഭിച്ചു. ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ച ആംബുലൻസ് സജ്ജമാക്കിയിരുന്നു. കോവിഡ് വ്യാപനം കുറയ്ക്കാനായി തോട്ടുമുഖം, കുളക്കാട്, റോസറി ഗാർഡൻ, അന്ധ വിദ്യാലയം, ഫെറോക്ക് കമ്പനി മുതലായ സ്ഥലങ്ങളിൽ കോവിഡ് പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിച്ചു. എല്ലാ വാർഡുകളിലും ജാഗ്രതാ സമിതികൾ രൂപീകരിച്ചു.
കോവിഡ് ബാധിത കുടുംബങ്ങളിൽ അവശത അനുഭവിക്കുന്നവരുടെ വീട്ടിൽ ഭക്ഷ്യകിറ്റുകൾ എത്തിക്കാൻ വ്യക്തികളുടെ സഹായത്തോടെ പഞ്ചായത്തിനായി. വാക്സിനേഷനായി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഔട്ട് റീച്ച് സെന്റർ ആരംഭിച്ചു. പഞ്ചായത്തിലെ 99 ശതമാനം ആളുകൾക്കും വാക്സിൻ നൽകി. അതിഥിതൊഴിലാളികൾക്ക് മൂന്ന് ക്യാമ്പുകളിലായി അയ്യായിരത്തിൽ കൂടുതൽ ഡോസ് വാക്സിൻ നൽകാൻ സാധിച്ചു. പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ വാക്സിനേഷൻ പുരോ​ഗമിക്കുന്നു. എല്ലാ സ്കൂളിലും കൊച്ചിൻ വെൽഫയർ സെന്ററിന്റെ നേതൃത്വത്തിൽ സാനിറ്റൈസർ മെഷീനും അഞ്ച് ലിറ്റർ സാനിറ്റൈസറും വിതരണം ചെയ്തു.
പശ്ചാത്തല മേഖല
ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി. പുതിയ റോഡുകളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നു. നിലാവ് പദ്ധതിയിലൂടെ നിലവിലുള്ള തെരുവുവിളക്കുകൾ മാറ്റി എൽ.ഇ.ഡി ബൾബുകളാക്കി മാറ്റുന്നത് നൂറ് ശതമാനവും പൂർത്തിയായി.
ലൈഫ് മിഷൻ
പട്ടികജാതി വിഭാഗത്തിന് ലൈഫ് മിഷനിൽ പ്രത്യേക പരിഗണന നൽകി. പദ്ധതിയിലേക്ക് അപേക്ഷിച്ചവരുടെ സർവെ നടപടികൾ പൂർത്തിയാക്കി ജില്ലയിൽ ഒന്നാമതെത്തി. അതി ദരിദ്രരെ കണ്ടെത്തുന്നതിനുള്ള സർവെയും വേഗത്തിൽ പൂർത്തിയാക്കി.
ക്ഷേമ പദ്ധതികൾ
മികച്ച ആയൂർവേദ ആശുപത്രി, ഹോമിയോ ആശുപത്രി, ശ്മശാനം, ടേക്ക് എ ബ്രേക്ക് പദ്ധതി, മാതൃക അങ്കണവാടി, ആരോഗ്യമേഖലയ്ക്ക് നൽകുന്ന ഫണ്ട്, മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയിലെ മികവിനാണ് ആർദ്ര കേരളം പുരസ്കാരം കീഴ്മാട് പഞ്ചായത്തിന് നേടാനായത്.സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കമ്യൂണിറ്റി വിമൺ ഫെസിലിറ്റേറ്ററെ നിയമിച്ചു. വനിതകളുടേയും കുട്ടികളുടേയും ക്ഷേമത്തിന് പഞ്ചായത്ത് മുൻതൂക്കം നൽകുന്നുണ്ട്. ഹരിത കർമസേനയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും പ്ലാസ്റ്റിക് മാലിന്യസംസ്ക്കരണത്തിനുള്ള പ്രത്യേക പദ്ധതിയും പരിഗണനയിലുണ്ട്.
അഭിമുഖം :നീർജ ജേക്കബ്
PRISM,I&PRD