കൃഷിയിലധിഷ്ഠിതമായ സമൂഹത്തെ പടുത്തുയർത്തേണ്ടതുണ്ടെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. സാമ്പത്തിക മാന്ദ്യത്തിൽ തകർന്നുപോയ രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയെ തളരാതെ നിലനിർത്തിയത് കാർഷിക മേഖലയാണ്. അതിൽ കർഷകന്റെ വിയർപ്പും കണ്ണീരും കാർഷിക സമ്പത്തുമുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ കേരള പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് സംഘടിപ്പിച്ച ജില്ലാതല വിത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആധുനിക സാങ്കേതികവിദ്യയും പരമ്പരാഗത കർഷകരുടെ അറിവും സംയോജിപ്പിച്ച് പുതിയ കാലഘട്ടത്തിന് അനുയോജ്യമായി കാർഷിക മേഖലയിൽ ശരിയായ മാറ്റം വരുത്തണം. കർഷകരുടെ സംരക്ഷണത്തിനായി നടപ്പിലാക്കുന്ന പദ്ധതികൾ ശരിയായ രീതിയിൽ പ്രയോജനപ്പെടുന്നുണ്ടോ എന്ന് വിലയിരുത്തണമെന്നും മന്ത്രി പറഞ്ഞു. കർഷകരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുമ്പോഴാണ് ഇത്തരം പരിപാടികൾ അർത്ഥവത്താകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കാർഷിക പാരമ്പര്യം വരുംതലമുറയ്ക്ക് പകരുകയെന്ന ലക്ഷ്യത്തോടെ കാർഷിക ജൈവ വൈവിധ്യ സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിത്തുത്സവം സംഘടിപ്പിച്ചത്. തനത് കാർഷിക വിത്തിനങ്ങളുടെ സംരക്ഷകരായ കർഷകരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ചടങ്ങിൽ ആദരിച്ചു.
കാർഷിക ജൈവ വൈവിധ്യ സെമിനാർ, കർഷകർ സ്വന്തം കൃഷിയിടത്തിൽ നിന്നും കൊണ്ടുവന്ന തനത് വിത്തിനങ്ങളുടെ പ്രദർശനം, വിപണനം, പരമ്പരാഗത ഗോത്രവർഗ കലാവിരുന്ന് എന്നിവ ഉൾക്കൊള്ളിച്ചാണ് എകദിന വിത്തുത്സവം സംഘടിപ്പിച്ചത്.