നോർക്ക റൂട്ട്‌സിന്റെ് പ്രവാസി ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി വഴി കഴിഞ്ഞ സാമ്പത്തിക വർഷം നടന്നത് റെക്കോഡ് സഹായവിതരണം. 4614 പേർക്ക് 30 കോടി രൂപയാണ് 2021-2022ൽ വിതരണം ചെയ്തത്. പദ്ധതി വിഹിതത്തിൽ 100 ശതമാനം വിനിയോഗത്തോടെയാണ് ഏറ്റവും കൂടുതൽ ഗുണഭോക്താക്കളിലേക്ക് സാന്ത്വന എത്തിയത്.

തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് സഹായം ലഭിച്ചത്-853. ഏറ്റവും കുറവ് ഇടുക്കിയിലും. അഞ്ചു പേരാണ് ഇവിടെ ഗുണഭോക്താക്കൾ. കൊല്ലം-715, തിരുവനന്തപുരം-675 , മലപ്പുറം-521, കോഴിക്കോട്-405, പാലക്കാട്-265,  ആലപ്പുഴ-255, എറണാകുളം-250, കണ്ണൂർ-205, പത്തനംതിട്ട-200, കാസർഗോഡ്-105, കോട്ടയം-150, വയനാട്-10 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ഗുണഭോക്താക്കളുടെ എണ്ണം.
2017-18 വർഷത്തിൽ 1053 പേർക്കാണ് സ്വാന്ത്വന വഴിയുള്ള സഹായം ലഭിച്ചത്. 6.30 കോടി രൂപയാണ് വിതരണം ചെയ്തത്. തുടർന്നുള്ള വർഷങ്ങളിൽ 4156, 4102, 4445 എന്നിങ്ങനെയായിരുന്നു ഗുണഭോക്താക്കളുടെ എണ്ണം. യഥാക്രമം 25 കോടി, 24.25 കോടി, 27 കോടി രൂപ വീതം വിതരണം ചെയ്തു.

തിരികെയെത്തിയ കേരളീയർക്കായുളള നോർക്കയുടെ ഒറ്റത്തവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക്  www.norkaroots.org വഴി അപേക്ഷിക്കാം. വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ കവിയാത്ത പ്രവാസി മലയാളികളുടെ/ അടുത്ത കുടുംബാംഗങ്ങളുടെ ചികിത്സക്ക് 50,000 രൂപ, മരണപ്പെടുന്ന പ്രവാസിയുടെ അനന്തരാവകാശികൾക്ക് 1,00,000 രൂപ, പെൺമക്കളുടെ വിവാഹാവശ്യത്തിന് 15,000 രൂപ,  പ്രവാസിക്ക്/ കുടുംബാംഗങ്ങൾക്ക് ഭിന്നശേഷി ഉപകരണങ്ങൾ വാങ്ങുന്നതിന് 10,000 രൂപ എന്നിങ്ങനെയാണ് പരമാവധി സഹായം. വിശദാംശങ്ങൾക്ക് 1800-425-3939 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 0091 880 20 12345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്സ്ഡ് കോൾ സേവനവും ലഭ്യമാണ്.