കെ. എസ്. ആർ. ടി. സിയുടെ സ്വിഫ്റ്റ് ബസുകൾ സർവീസ് ആരംഭിച്ചു. തമ്പാനൂർ കെ. എസ്. ആർ. ടി. സി ടെർമിനലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്തു. കെ. എസ്. ആർ. ടി. സിയെ അഭിവൃദ്ധിയിലേക്ക് നയിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും സർക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എ.സി സ്‌ളീപ്പർ, എ. സി സെമിസ്‌ളീപ്പർ, നോൺ എ. സി ഡീലക്‌സ് ബസുകളാണ് സ്വിഫ്റ്റിനു കീഴിൽ സർവീസ് നടത്തുന്നത്. ബംഗളൂരുവിലേക്കാണ് പ്രധാന സർവീസുകൾ.

ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ ഗ്രാമവണ്ടി ഗൈഡ്ബുക്ക് പ്രകാശനം ചെയ്തു. കെ. എസ്. ആർ. ടി. സിയെ നല്ലരീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്ന സംരംഭമായി സ്വിഫ്റ്റ് മാറുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. എല്ലാവരും ഒത്തൊരുമിച്ചു കെ. എസ്. ആർ. ടി. സിയെ കരകയറ്റണം. ഫലപ്രദമായ കൂട്ടായ്മ സൃഷ്ടിച്ച് മുന്നോട്ടു പോകുന്നത് കെ. എസ്. ആർ. ടി. സിയ്ക്ക് ഭാവിയിൽ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സ്വിഫ്റ്റ് വെബ്‌സൈറ്റ് പ്രകാശനം ചെയ്തു. നടക്കില്ലെന്ന് പറഞ്ഞ പദ്ധതികൾ കേരളം നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കെ. എസ്. ആർ. ടി. സിയിൽ ഇന്ന് ഒരു ചലനമുണ്ടായിട്ടുണ്ട്. കെ. എസ്. ആർ. ടി. സിയെ പഴയ പ്രതാപത്തിലേക്ക് ഉയർത്താനാണ് ശ്രമമെന്ന് മന്ത്രി പറഞ്ഞു.

കെ. എസ്. ആർ. ടി. സി സ്വിഫ്റ്റ് ബസിൽ ആദ്യ റിസർവേഷൻ നടത്തിയവർക്ക് പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. കെ. എസ്. ആർ. ടി. സിയുടെ പുതിയ കാൽവയ്പ്പാണ് സ്വിഫ്‌റ്റെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മേയർ ആര്യാ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി. ചെയർമാനും എം.ഡിയുമായ ബിജു പ്രഭാകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കെ. എസ്. ആർ. ടി. സി സ്വിഫ്റ്റിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ www.online.keralartc.com വഴിയും ente ksrtc മൊബൈൽ ആപ്പ് വഴിയും നടത്താം.