ഹോമിയോ വകുപ്പിൽ ഹാർട്ട് പദ്ധതി

ലോക ഹോമിയോപ്പതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 12ന് രാവിലെ 10.30 ന് മാസ്‌ക്കറ്റ് ഹോട്ടലിൽ ആരോഗ്യ മന്ത്രി വീണാജോർജ്ജ് നിർവഹിക്കും. കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ കീഴിൽ വിവിധ ശാസ്ത്രീയ ഗവേഷണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഗവേഷണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും മാത്രമായി രൂപീകരിക്കുന്ന ഡോക്ടർമാരുടെ സ്‌പെഷ്യൽ ടീമിന്റെ ഉദ്ഘാടനവും നടക്കും. ഹാർട്ട് (ഹോമിയോപതിക് എവിഡൻസ് ബേസ്ഡ് അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ട്രെയിനിങ്) എന്ന പേരിലാണ് ഈ ടീം അറിയപ്പെടുക. വകുപ്പിലെ തിരെഞ്ഞെടുക്കപ്പെടുന്ന ഡോക്ടർമാർ ഉൾപ്പെടുന്ന സംഘത്തിന് ഗവേഷണത്തിൽ അന്തരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നൽകും. കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഹോമിയോപ്പതി വകുപ്പ് പുറത്തിറക്കുന്ന ‘ഒപ്പം’ ത്രൈമാസികയുടെ പ്രകാശനവും മന്ത്രി നിർവ്വഹിക്കും.