രണ്ടു ബസുകള്‍ കൂടി ജില്ലയ്ക്ക് ലഭിക്കും: മന്ത്രി വീണാ ജോര്‍ജ്

പൊതുഗതാഗതം പുതുമയോടെ പുതുയുഗത്തില്‍ എന്ന ആപ്തവാക്യം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ടയില്‍ നിന്നും ബാംഗളൂരിലേക്കുള്ള പുതിയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് എസി സെമി സ്ലീപ്പര്‍ സര്‍വീസ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു  സംസാരിക്കുകയായിരുന്നു മന്ത്രി. കെഎസ്ആര്‍ടിസിയെ സംബന്ധിച്ചിടത്തോളം യാത്രക്കാര്‍ക്ക് മികച്ചതും സൗകര്യപ്രദവുമായ  യാത്രാനുഭവം നല്‍കുകയാണ് ലക്ഷ്യം. ഗതാഗത മന്ത്രി ആന്റണി രാജുവിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഒരു ബസ് സര്‍വീസ് ആദ്യ ഘട്ടത്തില്‍ ജില്ലയ്ക്ക് ലഭിച്ചത്. അടുത്ത ദിവസം രണ്ടു ബസുകള്‍ കൂടി ജില്ലയിലേക്ക് എത്തും. അതില്‍ ഒന്ന് മൈസൂര്‍ – മംഗലാപുരം റൂട്ടില്‍ സര്‍വീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.

ആറന്മുള എംഎല്‍എയും ആരോഗ്യ വകുപ്പ് മന്ത്രിയുമായ വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പത്തനംതിട്ടയില്‍ നിന്ന് ബാംഗളൂരിലേക്ക് സെമി സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കുന്നതിന് തീരുമാനമായത്. വൈകിട്ട് 5.30 ന് ആണ് പത്തനംതിട്ടയില്‍ നിന്ന്  സര്‍വീസ് ആരംഭിക്കുക. കോട്ടയം, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴിയാണ് ബാംഗളൂര്‍ എത്തുക. രാത്രി 7.30 ന് തിരികെ ബാംഗളൂരില്‍ നിന്ന് പുറപ്പെടും. സംസ്ഥാന സര്‍ക്കാര്‍ പുതിയതായി രൂപീകരിച്ച കെഎസ്ആര്‍ടിസി സ്വിഫ്റ്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് എസി സെമി സ്ലീപ്പര്‍ ബസ്.

www.online.keralartc.com എന്ന വെബ് സൈറ്റിലുടെയും  ‘Ente KSRTC’ എന്ന മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യാം. തല്‍ക്കാല്‍ ടിക്കറ്റുകളും, അഡീഷണല്‍ സര്‍വീസ് ടിക്കറ്റുകളും ഓണ്‍ലൈന്‍ വഴി ലഭ്യമാകും.