പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലാണ്
സൈക്ലോൺ ഷെൽട്ടർ നിർമാണം പൂർത്തിയായിരിക്കുന്നത്
പള്ളിപ്പുറം വില്ലേജിൻ്റെ അധീനതയിലുള്ള റവന്യൂ ഭൂമിയിലാണ് ഷെൽട്ടർ നിർമിച്ചിരിക്കുന്നത്. അഞ്ച് കോടി 17 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നില കെട്ടിടം പണിതിരിക്കുന്നത്. ചുഴലിക്കാറ്റ് പോലെയുള്ള ദുരന്തങ്ങളിൽ ജനങ്ങൾക്ക് അഭയമൊരുക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഓരോ നിലയിലും ഹാൾ, ശുചിമുറി, സിക്ക് റൂം എന്നിവ ഒരുക്കിയിട്ടുണ്ട്. താഴത്തെ നിലയിൽ അടുക്കള, ഇലക്ട്രിക്കൽ റൂം, ജനറേറ്റർ റൂം എന്നിവയും സജീകരിച്ചിട്ടുണ്ട്. കൂടാതെ മഴവെള്ള സംഭരണിയും കുടിവെള്ള ടാങ്കും സെപ്റ്റിക് ടാങ്കും മറ്റ് അനുബന്ധ സൗകര്യങ്ങളും നിർമിച്ചിട്ടുണ്ട്. ദേശീയ ചുഴലിക്കാറ്റ് അപകടസാധ്യതലഘൂകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവിടെ അഭയകേന്ദ്രം ഒരുക്കിയിരിക്കുന്നത്.
കേരളത്തിലെ തീരപ്രദേശങ്ങളിൽ ചുഴലിക്കാറ്റ് മൂലമുണ്ടാകുന്ന അപകടസാധ്യത വ്യാപ്തി കുറയ്ക്കുന്നതിനുവേണ്ടി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള സമഗ്രമായ പദ്ധതിയാണ് ദേശീയ ചുഴലിക്കാറ്റ് അപകടസാധ്യതലഘൂകരണ പദ്ധതി. കേന്ദ്ര ഗവൺമെൻ്റിൻ്റേയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടേയും ആഭിമുഖ്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ലോക ബാങ്കിൻ്റെ ധന സഹായത്തോടുകൂടിയാണ് പദ്ധതി നിർവ്വഹണം നടത്തുന്നത്. ഇതിൻ്റെ ഭാഗമായി സംസ്ഥാനത്തെ ഒൻപത് തീരദേശ ജില്ലകളിലായി 16 അഭയ കേന്ദ്രങ്ങളാണ് നിർമിക്കുന്നത്.
ജില്ലയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിനോടും മുനമ്പം അഴിയോടും ചേർന്ന് കിടക്കുന്ന പ്രദേശമാണ് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്. പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും ഇടപെടുന്ന തൊഴിൽ മേഖല മത്സ്യ ബന്ധനവും സംസ്കരണവും വിപണനവുമാണ്. അതുകൊണ്ട് തന്നെ കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ പ്രകൃതി ദുരന്തങ്ങൾ പ്രദേശത്തെ കാര്യമായി ബാധിച്ചു. ഓഖിയും, വെള്ളപൊക്കവും വന്നപ്പോൾ ശാശ്വതമായ അഭയകേന്ദ്രമില്ലാതെ ബുദ്ധിമുട്ടിയ പ്രദേശവാസികൾക്ക് ഒരു കൈത്താങ്ങായാണ് ഈ ഷെൽട്ടർ തുറക്കുന്നത്. വടക്കേക്കര ഗ്രാമപഞ്ചായത്തിലെ തുരുത്തിപ്പുറത്ത് പൂർത്തിയായ ചുഴലിക്കാറ്റ് അഭയകേന്ദ്രം നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു.