ഓണം, ബക്രീദ് ഉത്സവകാലത്ത് ഉപഭോക്താക്കള്‍ക്ക് നിത്യോപയോഗസാധനങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിന് എണ്ണായിരത്തോളം പ്രത്യേക ചന്തകള്‍ തുടങ്ങും. ഇതു സംബന്ധിച്ച്  മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.  സപ്ലൈകോയുടെ 1662 സ്റ്റാളുകളും കണ്‍സ്യൂമര്‍ഫെഡിന്റെ 3500 സ്റ്റാളുകളും പ്രവര്‍ത്തിക്കും. കൃഷിവകുപ്പ് 2000 ചന്തകളാണ് ഒരുക്കുക. എല്ലാ തദ്ദേശ സ്ഥാപന ആസ്ഥാനത്തും കുടുംബശ്രീയുടെ ഓണം-ബക്രീദ് ചന്തകളും പ്രവര്‍ത്തിക്കും.
959 മാവേലി സ്റ്റോറുകള്‍, 416 സൂപ്പര്‍ മാര്‍ക്കറ്റുകള്‍, 28 പീപ്പിള്‍ ബസാറുകള്‍, അഞ്ച് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങി 1553 വില്പനശാലകളിലൂടെ സബ്സിഡി നിരക്കിലുള്ള 13 ഇനം നിത്യോപയോഗ സാധനങ്ങള്‍, ഫ്രീ സെയില്‍ നിരക്കിലുള്ള ഉത്പന്നങ്ങള്‍, ശബരി ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ എന്നിവ വിതരണം ചെയ്യും. ഉത്സവകാല വിപണി കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിന് സംസ്ഥാനത്ത് പൊതുവിതരണ, കൃഷി, സഹകരണ, ലീഗല്‍ മെട്രോളജി വകുപ്പുകളുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മന്ത്രിമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
ജില്ലാ കേന്ദ്രങ്ങളില്‍ ഓണം, ബക്രീദ് ഫെയറുകള്‍, താലൂക്ക് തലങ്ങളില്‍ 72 ഓണം, ബക്രീദ് മേളകള്‍, പ്രമുഖ ഔട്ട്ലെറ്റുകളോടു ചേര്‍ത്തോ  വേറിട്ടോ നിയോജക മണ്ഡലത്തില്‍ ചുരുങ്ങിയത് ഒരു ഓണം ഫെയര്‍ എന്ന കണക്കില്‍ 78 ഓണം, ബക്രീദ് മാര്‍ക്കറ്റുകള്‍ എന്നിവ പ്രവര്‍ത്തിക്കും.  സപ്ലൈകോ വില്പനശാലകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ പ്രത്യേകമായി 23 സ്പെഷ്യല്‍ മിനി ഫെയറുകള്‍ നടത്തും. ഉത്സവകാലത്തെ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്, ഊഹക്കച്ചവടം എന്നിവ മൂലമുള്ള കൃത്രിമക്ഷാമം, കൃത്രിമ വിലക്കയറ്റം ഒഴിവാക്കാനും നടപടിയെടുത്തിട്ടുണ്ട്.
3300 പ്രാഥമിക സഹകരണ സംഘങ്ങളും കണ്‍സ്യൂമര്‍ഫെഡിന്റെ 200 വില്പനകേന്ദ്രങ്ങളും വഴി 176 കോടി രൂപയുടെ നിത്യോപയോഗ സാധനങ്ങള്‍ ഓണം, ബക്രീദ് ഉത്സവക്കാലത്ത് വില്‍ക്കാന്‍ ലക്ഷ്യമിടുന്നതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 2000 ഓണച്ചന്തകളും ഹോര്‍ട്ടികോര്‍പ്, വിഎച്ച്പിസികെ തുടങ്ങിയവയുടെ ഔട്ട്ലെറ്റുകളും വഴി ഓണക്കാലത്താവശ്യമായ പച്ചക്കറികള്‍ വിപണിവിലയേക്കാള്‍ 30ശതമാനം വിലക്കുറവില്‍ വില്‍ക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു.
ഇടുക്കി ഒഴികെയുള്ള സ്ഥലങ്ങളിലെ പ്രാദേശിക കര്‍ഷകരില്‍ നിന്ന് 39,000 മെട്രിക്ടണ്‍ പച്ചക്കറി ലഭ്യമാക്കും. വട്ടവട കാന്തല്ലൂര്‍ പഞ്ചായത്തുകളില്‍നിന്നു മാത്രമായി 5,000 മെട്രിക് ടണ്‍ പച്ചക്കറി സംഭരിക്കും. കര്‍ഷകരില്‍നിന്ന്  പത്തുമുതല്‍ 20 ശതമാനം വരെ അധികവിലയ്ക്കു വാങ്ങുന്ന പച്ചക്കറികളാണ് 30 ശതമാനം വിലക്കുറവില്‍ വില്‍ക്കുന്നതെന്നും കൃഷിമന്ത്രി അറിയിച്ചു. കുടുംബശ്രീ സംരംഭകരില്‍നിന്നുള്ള പച്ചക്കറി ഉത്പന്നങ്ങളും ഇങ്ങനെ സംഭരിച്ച് വില്‍ക്കാവുന്നതാണെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
എ.എ.വൈ വിഭാഗത്തില്‍പ്പെട്ട 5.95 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഒരു കിലോ പഞ്ചസാര 22 രൂപ നിരക്കില്‍ നല്‍കും. സ്‌കൂള്‍ കുട്ടികള്‍ക്ക് അഞ്ച് കിലോ വീതം അരിയും ഓണത്തോട് അനുബന്ധിച്ച് ആദിവാസിവിഭാഗങ്ങള്‍ക്ക് പ്രത്യേക ഓണക്കിറ്റും വിതരണം ചെയ്യും.  മന്ത്രി കെ.ടി. ജലീല്‍, വിവിധ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.