നിയമസഭയില്‍ നടന്ന ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി പരിപാടി ഉദ്ഘാടനം ചെയ്യാന്‍ തലസ്ഥാനത്തെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നലെ (ആഗസ്റ്റ് ആറ്) വൈകിട്ട് 5.10ന് പ്രത്യേക വിമാനത്തില്‍ കൊച്ചിയിലേക്ക് തിരിച്ചു. ഗവര്‍ണര്‍ പി. സദാശിവം, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, വി. എസ്. സുനില്‍കുമാര്‍, മേയര്‍ വി. കെ. പ്രശാന്ത്, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, ചീഫ് സെക്രട്ടറി ടോം ജോസ്, എയര്‍ഫോഴ്‌സ് കമാന്‍ഡിംഗ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ ബി. സുരേഷ്, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ജിഎഡി സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ജില്ലാ കളക്ടര്‍ കെ. വാസുകി, പോലീസ് കമ്മീഷണര്‍ പി. പ്രകാശ് എന്നിവര്‍ എയര്‍പോര്‍ട്ട് ടെക്‌നിക്കല്‍ ഏരിയയില്‍ യാത്രയയപ്പ് നല്‍കി. ഗവര്‍ണര്‍ പി. സദാശിവം, മന്ത്രി വി. എസ്. സുനില്‍കുമാര്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ജി. എ. ഡി സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ എന്നിവര്‍ രാഷ്ട്രപതിയെ വിമാനത്തില്‍ അനുഗമിച്ചു.
എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന അദ്ദേഹം നാളെ (ആഗസ്റ്റ് ഏഴ്) രാവിലെ 9ന് ബോള്‍ഗാട്ടി പാലസില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസും മറ്റു ജഡ്ജിമാരുമായി പ്രാതല്‍ കൂടിക്കാഴ്ച നടത്തും. പിന്നീട് ഹെലികോപ്റ്ററില്‍ തൃശൂരിലേക്ക് തിരിക്കുന്ന രാഷ്ട്രപതി രാവിലെ 11ന് തൃശൂര്‍ സെന്റ് തോമസ് കോളേജിന്റെ ശതാബ്ദി ആഘോഷ ചടങ്ങില്‍ പങ്കെടുക്കും. ഇവിടെ നിന്ന് ഗുരുവായൂരിലെത്തി ശ്രീകൃഷ്ണ ക്ഷേത്രത്തിലും മമ്മിയൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തും. തിരികെ കൊച്ചിയിലെത്തുന്ന രാഷ്ട്രപതി ഉച്ചയ്ക്ക് 2.45ന് കേരളത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ മടങ്ങും.