റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ സബ് കളക്ടര്‍ സൂരജ് ഷാജിയുടെ നേതൃത്വത്തില്‍ ഇതുവരെ നടത്തിയ നാല് ഫയല്‍ അദാലത്തുകളിലായി 920 അപേക്ഷകളില്‍ തീര്‍പ്പു കല്‍പ്പിച്ചു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനം, ഡാറ്റാബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളാണ് അദാലത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ഇന്നലെ(ഏപ്രില്‍ 12) നടന്ന അദാലത്തില്‍ 190 ഉത്തരവുകള്‍ സബ് കളക്ടര്‍ അപേക്ഷകര്‍ക്ക് കൈമാറി. കുടിശിക ഫയലുകളില്‍ സമയബന്ധിതമായി തീര്‍പ്പു കല്‍പ്പിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണ്.

സീനിയര്‍ സൂപ്രണ്ട് ബി. കവിത, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ പി.ഡി. സുധി, കെ.വി. ഗിരീശന്‍ എന്നിവരും അദാലത്തില്‍ പങ്കെടുത്തു.