മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍തൂക്കം നല്‍കണമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന നിര്‍മ്മല ഗ്രാമം, നിര്‍മ്മല നഗരം, നിര്‍മ്മല ജില്ല പദ്ധതി നിര്‍വഹണയുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ അധ്യക്ഷന്മാര്‍ പങ്കെടുത്ത ജില്ലാതല ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം ജീവിക്കുന്ന സമൂഹം വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്.
മാലിന്യ സംസ്‌കരണത്തിന്റെ ആവശ്യകതയെ കുറിച്ച് സമൂഹത്തിന് ബോധ്യം വരുത്തണം. മാലിന്യസംസ്‌കരണം ആരംഭിക്കേണ്ടത് നമ്മുടെ വീട്ടില്‍ നിന്നാവണമെന്ന് വിദ്യാര്‍ഥികളെ ബോധവാന്മാരാക്കണം. പദ്ധതികള്‍ നടപ്പാക്കാന്‍ ആവശ്യം കൃത്യമായ ബോധവല്‍ക്കരണമാണെന്ന് നാം മറക്കരുത്. ആവശ്യമെങ്കില്‍ ഇത്തരം പദ്ധതികളുടെ നടത്തിപ്പിനായി നേതൃത്വം മുന്നിട്ടിറങ്ങണം.
നമ്മുടെ കമ്പോളങ്ങള്‍, പൊതുഇടങ്ങള്‍ ഇവയൊക്കെ വൃത്തിയായി പരിപാലിക്കപ്പെടണം. ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സൊസൈറ്റിയാക്കണമെന്നും ഇവര്‍ ശേഖരിക്കുന്ന വസ്തുക്കള്‍ എന്തിനൊക്കെ ഉപയോഗിക്കുന്നു എന്ന് വീട്ടുകാര്‍ക്ക് കൃത്യമായി പറഞ്ഞു കൊടുക്കാന്‍ സേനയെ പഠിപ്പിക്കേണ്ട ആവശ്യകതയും ഉണ്ട്. നമ്മുടെ മാലിന്യങ്ങള്‍ തരംതിരിച്ച് വയ്ക്കാന്‍ കൃത്യമായ ഒരു റിസോഴ്സ് സെന്റര്‍ നമുക്ക് ആവശ്യമാണ്. ജലാശയങ്ങളും തോടുകളും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഇത്തരമൊരു പദ്ധതി രൂപീകരിച്ചപ്പോള്‍ തന്നെ ഏകീകൃതമായ ഒരു പേര് പദ്ധതിക്ക് വേണം എന്നൊരു നിര്‍ദേശം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുമ്പിലേക്ക് വച്ചിരുന്നുവെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഇത് ഒരു സംയോജന പദ്ധതിയാണ്. എന്നാല്‍, ഓരോ പഞ്ചായത്തിന്റെയും സാഹചര്യമനുസരിച്ച് മുന്‍ഗണന പ്രകാരം കാര്യങ്ങള്‍ ചെയ്യാം. സംസ്ഥാനത്ത് ആദ്യമായി ഒരു ജില്ല സമ്പൂര്‍ണ ശുചിത്വ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ അത് പൂര്‍ണവിജയമാക്കാന്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സമ്പൂര്‍ണ ശുചിത്വം എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചിരിക്കുന്ന ഈ പദ്ധതിയുടെ തുടക്കമാണ് ശില്‍പ്പശാലയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
സ്വച്ച്ഭാരത് മിഷന്‍, സംസ്ഥാന ശുചിത്വമിഷന്‍, ഹരിത കേരളം മിഷന്‍, ക്ലീന്‍ കേരള കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് സമ്പൂര്‍ണ ശുചിത്വ പദ്ധതി ജില്ലയില്‍ നടപ്പിലാക്കുന്നത്. ജില്ലാ ആസൂത്രണ സമിതി ആണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പദ്ധതിക്ക് ആവശ്യമായ പ്രചാരണം നടത്തും. ആവശ്യമെങ്കില്‍ റിസോഴ്സ് പേഴ്സണെയോ വോളണ്ടിയറെയോ കണ്ടെത്തി ബോധവല്‍ക്കരണവും പരിശീലനവും നല്‍കും. ജില്ലയെ സമ്പൂര്‍ണ ശുചിത്വത്തിലേക്ക് നയിക്കാന്‍ വേണ്ട ഈ പദ്ധതിക്ക് നാലു കോടി രൂപയാണ് ജില്ലാ പഞ്ചായത്തിന്റെ 2022-23 ലെ വാര്‍ഷിക ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്ലാസ്റ്റിക് പാഴ് വസ്തു സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണത്തിനുള്ള പ്രാരംഭ നടപടികള്‍ക്കായി ധാരണാപത്രവും ഒപ്പിട്ടു. ജില്ലയിലെ ഇറച്ചിക്കോഴികളുടെ മാലിന്യം ശേഖരിച്ച് ഉപ ഉല്‍പ്പന്നം നിര്‍മിക്കാനാവശ്യമായ പദ്ധതിയുടെ നടപടികള്‍ പുരോഗമിച്ചു വരികയാണ് അതോടൊപ്പം അസംസ്‌കൃത വസ്തുക്കളില്‍ നിന്നും ഉപയോഗപ്രദമായ വസ്തുക്കള്‍ നിര്‍മിക്കാനും നടപടികള്‍ സ്വീകരിച്ചു വരികയാണ്.