സംസ്ഥാന ഭൂജല വകുപ്പിന്റെ കീഴില്‍ തീരദേശ മേഖലകളില്‍ ശുദ്ധജലസ്രോതസ്സുകള്‍ കണ്ടെത്തുന്ന ശാസ്ത്രീയ പഠനത്തിനായി ഉപയോഗിക്കുന്ന ജിയോഫിസിക്കല്‍ ലോഗ്ഗര്‍ യൂണിറ്റ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ തീരപ്രദേശത്ത് ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിന് ശാസ്ത്രീയപഠനത്തിനാണ് ജിയോഫിസിക്കല്‍ ലോഗ്ഗര്‍ ഉപയോഗിക്കുന്നത്.
ലോഗ്ഗര്‍ യൂണിറ്റ് വഴി വിവിധ മേഖലകളിലെ മണ്ണിന്റെ ഘടന ശാസ്ത്രീയമായി വിശകലനം ചെയ്ത് ശുദ്ധജലം ലഭിക്കുന്ന മേഖലകള്‍ കണ്ടെത്തുകയും ഉപ്പുരസമുള്ള മേഖലകള്‍ വേര്‍തിരിച്ചറിയുവാനും സാധിക്കും. ഇതില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുഴല്‍ കിണറുകളുടെ രൂപകല്പന നടത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കും. നാഷണല്‍ ഹൈഡ്രോളജി പ്രോജക്ടിന്റെ മൂന്നാം ഘട്ടത്തില്‍ 79.83 ലക്ഷം രൂപ ചെലവഴിച്ചാണ് ജിയോഫിസിക്കല്‍ ലോഗ്ഗര്‍ യൂണിറ്റ് ഭൂജലവകുപ്പ് വാങ്ങിയത്.
ജല വിജ്ഞാന ഭവനില്‍ നടന്ന ചടങ്ങില്‍ ഭൂജല വകുപ്പ് ഡയറക്ടര്‍ ആന്‍സി ജോസഫ്,വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.