ആവശ്യമായ മണ്ണെണ്ണ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും
സംസ്ഥാനത്തെ 10,889 യാനങ്ങളിലെ 14,332 എൻജിനുകൾക്ക് മണ്ണെണ്ണ പെർമിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പൂന്തുറയിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന 12,000 ത്തിലധികം യാനങ്ങൾ മണ്ണെണ്ണ മാത്രം ഉപയോഗിച്ച് പ്രവർത്തിക്കുന്നവയാണ്. ഇവയ്ക്ക് പ്രതിവർഷം 98,163 കിലോലിറ്റർ മണ്ണെണ്ണ ആവശ്യമാണ്. എന്നാൽ നമ്മുടെ സംസ്ഥാനത്തെ മത്സ്യതൊഴിലാളികൾക്ക് ആവശ്യമായ മണ്ണെണ്ണയുടെ കാൽഭാഗം പോലും കേന്ദ്ര സർക്കാർ ലഭ്യമാക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
2022-23 ആദ്യ പാദത്തിൽ സംസ്ഥാനത്തിന് അനുവദിച്ച മണ്ണെണ്ണയുടെ അളവിലും കേന്ദ്ര സർക്കാർ 40 ശതമാനം വെട്ടിക്കുറച്ചിരുന്നു. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിയെ നേരിൽ കണ്ടതിന്റെ അടിസ്ഥാനത്തിൽ 20,000 കിലോ ലിറ്റർ മണ്ണെണ്ണ കൂടി അധികമായി അനുവദിച്ചതായും ഇത് ഗാർഹികാവശ്യങ്ങൾക്കും പൂർണ്ണമായും പര്യാപ്തമല്ലെന്നും മന്ത്രി പറഞ്ഞു. 2015-2016 കാലഘട്ടത്തിൽ ഒരു ലിറ്റർ മണ്ണെണ്ണയുടെ പൊതുവിപണിയിലെ വില 56 രൂപയായിരുന്നത് ഇപ്പോൾ 124 രൂപയാണ്. ഇത് കേരളത്തിലെ പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. പൊതുവിതരണ ശൃംഖല വഴി മത്സ്യതൊഴിലാളികൾക്ക് പെർമിറ്റിന്റെ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്ന സബ്‌സിഡി രഹിത മണ്ണെണ്ണയുടെ അളവ് കുറയുകയും വില വർദ്ധിച്ച് നിലവിൽ 81 രൂപയിലെത്തി നിൽക്കുകയുമാണ്. സബ്‌സിഡി രഹിത മണ്ണെണ്ണയ്ക്ക് പുറമെ ഒരു ലിറ്റർ മണ്ണെണ്ണക്ക് 25 രൂപ വീതം സംസ്ഥാന സർക്കാർ നേരിട്ട് സബ്‌സിഡി നൽകി നിശ്ചിത അളവ് മണ്ണെണ്ണ പെർമിറ്റിന്റെ അടിസ്ഥാനത്തിൽ മത്സ്യഫെഡ് വഴി മാസം തോറും വിതരണം ചെയ്യുന്നു. പെട്രോൾ, ഡീസൽ, പാചകവാതകങ്ങളുടെ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വില വർദ്ധനവ് വിലക്കയറ്റത്തിന് കാരണമാകുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.