കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി മാനന്തവാടിയില്‍ നടന്ന വിത്തുത്സവം വൈവിധ്യങ്ങള്‍ കൊണ്ട് ശ്രദ്ധ നേടി. പാരമ്പര്യ നെല്‍വിത്തിനങ്ങളായ പാല്‍ത്തൊണ്ടി, മുള്ളന്‍ കൈമ, തൊണ്ടി, രക്തശാലി, 27 ദിവസം കൊണ്ട് വിളവെടുക്കുന്ന അന്നൂരി നെല്ല്, ഔഷധ ഗുണമുള്ള പാമ്പിന്‍ മഞ്ഞള്‍, അശ്വതി, സുവര്‍ണ്ണ, പ്രീതി ഇനങ്ങളില്‍ പെട്ട കുരുമുളക് വള്ളികള്‍, ഭരണി കാച്ചില്‍, പായസ കാച്ചില്‍, കടുവാ കയ്യന്‍ പോലുള്ള പാരമ്പര്യ കാച്ചില്‍ ഇനങ്ങള്‍, കര്‍പ്പൂരവള്ളി ചാരക്കാളി, ചാരമൊന്തന്‍ പോലുള്ള വൈവിധ്യം നിറഞ്ഞ വാഴക്കുലകള്‍, കുരുത്തോല പയര്‍, ചേന പയര്‍ ,കാര്‍ കൂന്തല്‍ വള്ളിപയര്‍ പോലുള്ള പയര്‍ വിത്തിനങ്ങളും വിത്തുത്സവത്തിലെ കാഴ്ച്ചക്കാരുടെ പ്രധാന ആകര്‍ഷണമായി മാറി.

നെല്‍കൃഷിയുടെ പുതിയ രീതിശാസ്ത്രമായ കെട്ടി നാട്ടി വിത്തുത്സവത്തില്‍ എത്തിയവര്‍ക്ക് പുതിയ അനുഭവമായി. നെല്‍വിത്തിനെ വളത്തില്‍ കെട്ടി വളര്‍ത്തുന്ന രീതിയാണ് കെട്ടി നാട്ടി. സമ്പുഷ്ടീകരിച്ച വളക്കൂട്ടില്‍ പച്ചിലകളുടെ അഴുകിച്ചെടുത്ത കളിക്കൂട്ടില്‍ ചേര്‍ത്തുറപ്പിച്ച് പാടത്ത് നാട്ടുന്ന സമ്പ്രദായമാണിത്. നെല്ലിന്റെ ഉല്പാദനക്ഷമത കൂട്ടുന്നതിനും മണ്ണിനെ സമ്പുഷ്ടീകരിക്കുന്നതിനും കെട്ടിനാട്ടി സഹായിക്കുന്നു. നിലവില്‍ അമ്പലവയലില്‍ പ്രവര്‍ത്തിക്കുന്ന ഞാറ്റടി സംഘം കെട്ടി നാട്ടിയെ പ്രോത്സാഹിപ്പിച്ച് വരുന്നുണ്ട്. വയനാട്ടിലെ ഇരുപത് പാരമ്പര്യ കര്‍ഷകരെ വിത്തുത്സവത്തില്‍ ആദരിക്കുകയും ചെയ്തു.