രാമമംഗലം കിഴുമുറി പള്ളിത്താഴം തോട്ടിൽ ഓപ്പറേഷൻ വാഹിനിയുടെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. 750 മീറ്ററോളം ഭാഗത്ത് കാട് വെട്ടിത്തെളിച്ച് ചെളി കോരി വൃത്തിയാക്കി നീരൊഴുക്ക് സു​ഗമമാക്കി. കാർഷിക മേഖലയായ കോഴിച്ചാൽ പുഞ്ചയിൽ നിന്ന് കാർഷിക ആവശ്യത്തിനുള്ളതിലും കൂടുതലായി വരുന്ന ജലം മൂവാറ്റുപുഴയാറിലേക്ക് ഒഴുക്കിക്കളയുന്നതിനുള്ള തോടാണ് കിഴുമുറി പള്ളിത്താഴം തോട്.
ഒരു വാർഡ് ഒരു തോട് കാമ്പയിന്റെ ഭാഗമായി പൊതുജന പങ്കാളിത്തത്തോടെയാണ് പ്രവർത്തനങ്ങൾ നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇ.പി ജോർജിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ നടന്നത്. ശ്രമദാനത്തിൽ വൈസ് പ്രസിഡ​ന്റ് മേരി എൽദോ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ജിജോ ഏലിയാസ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷൈജ ജോർജ്, വാർഡ്‌ കൗൺസിലർ അഞ്ജന, തൊഴിലുറപ്പ് പദ്ധതി അസിസ്റ്റ​ന്റ് എഞ്ചിനീയർ രാഖി രാമചന്ദ്രൻ, ഓവർസിയർ അശ്വതി മോഹൻ, തൊഴിലുറപ്പ് തൊഴിലാളികൾ, വിവിധ റസിഡൻസ് അസോസിയേഷനുകളുടെയും ക്ലബ്ബുകളുടെയും പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.