*പുരവിമല, തെന്മല, കണ്ണമാംമൂട് ആദിവാസി ഊരുകളിൽ വിഷുക്കൈനീട്ടമായി സഞ്ചരിക്കുന്ന റേഷൻകടകൾ

*എല്ലാ മാസവും രണ്ട് തവണ ഊരുകളിലെത്തി ഭക്ഷ്യധാന്യ വിതരണം

സംസ്ഥാനത്ത് ആദിവാസി ഊരുകളിൽ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യ ഇനങ്ങളിൽ അവരുടെ ആവശ്യപ്രകാരമുള്ള മാറ്റം വരുത്തുമെന്ന് ഭക്ഷ്യ-പൊതുവിതരണ ഉപഭോക്ത്യകാര്യവകുപ്പ് മന്ത്രി ജി.ആർ അനിൽ. ഗോതമ്പിന് പകരം റാഗി, ആട്ട മാവ് എന്നിവയുൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കാട്ടാക്കട താലൂക്കിലെ അമ്പൂരി ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന പുരവിമല, തെന്മല, കണ്ണമാംമൂട് ആദിവാസി ഊരുകളിലെ കുടുംബങ്ങൾക്ക് റേഷൻ സാധനങ്ങൾ നേരിട്ടെത്തി വിതരണം ചെയ്യുന്ന, സഞ്ചരിക്കുന്ന റേഷൻ കടയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അമ്പൂരി ഗ്രാമപഞ്ചായത്തിലെ 183 ആദിവാസി കുടുംബങ്ങൾക്കാണ് സംസ്ഥാനസർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.

എല്ലാമാസവും 15ആം തിയതിക്കു മുൻപായി, രണ്ട് തവണ സഞ്ചരിക്കുന്ന റേഷൻകടകൾ ഊരുകളിലെത്തും. പരിമിതമായ യാത്രാസൗകര്യങ്ങളുള്ള ഊരുകളിൽ നിന്ന് റേഷൻസാധനങ്ങൾ വാങ്ങാൻ ആദിവാസികുടുംബങ്ങൾ കിലോമീറ്ററുകൾ സഞ്ചരിച്ചിക്കുന്നതിലെ ബുദ്ധിമുട്ട് മനസിലാക്കിയാണ് സഞ്ചരിക്കുന്ന റേഷൻകടകൾ എന്ന ആശയം സർക്കാർ നടപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു. റേഷൻസാധങ്ങൾ വാങ്ങുന്നതിനായി ആദിവാസി വിഭാഗങ്ങൾക്കുണ്ടാകുന്ന അമിത യാത്രാചെലവ് ഒഴിവാക്കാൻ പദ്ധതിയിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനസർക്കാരിന്റെ ആദിവാസി ക്ഷേമപദ്ധതിയുടെ ഭാഗമായി വനംവകുപ്പിന്റെയും പട്ടികവർഗവികസന വകുപ്പിന്റെയും സഹകരണത്തോടെ ഭക്ഷ്യപൊതുവിതരണവകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് സഞ്ചരിക്കുന്ന റേഷൻകടകൾ. സർക്കാർ പദ്ധതികളുടെ പ്രയോജനം ആദ്യം ലഭിക്കേണ്ടുന്നവരാണ് ആദിവാസി വിഭാഗമെന്ന ബോധ്യം സർക്കാരിനുണ്ടെന്നും അതുകൊണ്ട് വാതിൽപ്പടി സേവനത്തിലുൾപ്പെടുത്തി സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന റേഷൻ കട പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന് മാത്രമായി ബജറ്റിൽ ഒരു കോടി രൂപയാണ് ഇത്തവണ മാറ്റിവെച്ചതെന്നും അദ്ദേഹം അറിയിച്ചു.

പുരവിമല, തെന്മല, കണ്ണമാംമൂട് ആദിവാസി ഊരുകളിലെ 20 കാർഡുടമകൾക്ക് ഭക്ഷ്യധാന്യം ആദ്യഘട്ടത്തിൽ വിതരണം ചെയ്തു. ഗവ.ട്രൈബൽ എൽ.പി.എസ് പുരവിമലയിൽ നടന്ന ചടങ്ങിൽ സി.കെ ഹരീന്ദ്രൻ എം.എൽ.എ അധ്യക്ഷനായിരുന്നു. അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സല രാജു, ജില്ലാ പഞ്ചായത്തംഗം അൻസജിത റസ്സൽ തുടങ്ങിയവര്‍ പങ്കെടുത്തു.